ന്യൂഡെൽഹി: ബിഎസ്‌ഇയിലെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലെയും (എൻഎസ്‌ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്‌ച ഉച്ചയോടെ വൻ കുതിപ്പിലേക്ക്. ആദ്യമായി നിഫ്റ്റി സൂചിക 17,000 കടന്നിരിക്കുകയാണ്. സെൻസെക്‌സ് ആദ്യമായി 57,000 മാർക്ക് മറികടന്ന് 57,135.44 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
നിഫ്റ്റി 17,000 മാർക്ക് മറികടന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 17,004 ൽ എത്തി നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ സെൻസെക്‌സ് 239.42 പോയിന്റും, നിഫ്റ്റി 72.10 പോയിന്റും ഉയർച്ചയാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്.
ആഗോള വിപണികളുടെ നേട്ടത്തിന്റെ പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി വിപണി മികച്ച മുന്നേറ്റം പ്രകടമാക്കുന്നത്. ഇന്നലെയും ഓഹരി സൂചികകൾ ഉയർച്ച സ്വന്തമാക്കിയിരുന്നു.
ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ കമ്പനി എന്നിവയാണ് സെൻസെക്‌സിൽ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികൾ. നെസ്‌ലെ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ഇൻഫോസിസ് എന്നിവയാണ് പിന്നോക്കം നിൽക്കുന്നത്.
Read Also: എസ്‌ജെ സിനുവിന്റ ‘തേര്’ ടൈറ്റിൽ റിലീസായി; അമിത് ചക്കാലക്കൽ നായകൻ