തൃശൂർ പാറമട സ്‌ഫോടനം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

By Desk Reporter, Malabar News
Thrissur-Quarry-Blast- crime branch will investigate
Representational Image
Ajwa Travels

തൃശൂർ: വാഴക്കോട് പാറമടയിലുണ്ടായ സ്‌ഫോടനം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്‌ഫോടക വസ്‌തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആറു മാസമായി പ്രവർത്തിക്കാത്ത ക്വാറിയിൽ എങ്ങനെയാണ് സ്‌ഫോടക വസ്‌തുക്കൾ എത്തിയതെന്ന് അന്വേഷിക്കും. മണ്ണിനടിയിലുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ പൊട്ടിയിരിക്കാം എന്നാണ് പാറമട ഉടമ അബ്‍ദുൾ സലാം പറഞ്ഞത്. പാറ പൊട്ടിക്കാനല്ല സ്‌ഫോടക വസ്‌തു ഉപയോഗിച്ചതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെയും അന്വേഷണ സംഘത്തിന്റെയും തീരുമാനം.

അപകടത്തിൽ പെട്ട ആറു പേർ എന്തിനാണ് രാത്രിയിൽ പാറമടയിൽ എത്തിയതെന്നും ദുരൂഹമാണ്. മീൻ പിടിക്കാൻ പോയതാണെന്ന വിശദീകരണം പോലീസ് മുഖവിലക്കെടുക്കുന്നില്ല. എന്തു സ്‌ഫോടക വസ്‌തുക്കളാണ് അവിടെ ഉണ്ടായിരുന്നത്, സ്‌ഫോടനത്തിന്റെ തീവ്രത എത്ര മാത്രമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഫോറൻസിക്-എക്‌സ്‌പ്ളോസീവ് വിഭാഗത്തിന്റെ റിപ്പോർട്ടിന് ശേഷം വ്യക്‌തത വരും. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരുടെ മൊഴിയും നിര്‍ണായകമാണ്. എന്നാൽ പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ അവരുടെ മൊഴി ഉടൻ രേഖപ്പെടുത്താനാകില്ല.

ജൂൺ 21 രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്. പാറമട ഉടമയുടെ സഹോദരൻ അബ്‍ദുൾ നൗഷാദ് (45) ഉൾപ്പടെ ആറു പേരാണ് ഈ സമയം പാറമടയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നൗഷാദ് മരണപ്പെട്ടിരുന്നു. വാഴക്കോട് സ്വദേശി അലിക്കുഞ്ഞ്, പാറമടയിലെ തൊഴിലാളികളായ ഉമ്മര്‍, അസീസ് അബൂബക്കര്‍, രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികള്‍ എന്നിവർ പരിക്കേറ്റ് ചികിൽസയിലാണ്.

ഇതിൽ അലിക്കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ തലയ്‌ക്ക് സാരമായ പരിക്കുണ്ട്. കണ്ണുകളില്‍ ഉള്‍പ്പടെ ശരീരമാകെ മുറിവുകളുമുണ്ട്. ഇദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരുടെ ശ്വാസകോശത്തിനാണ് ക്ഷതമേറ്റിരിക്കുന്നത്.

Most Read:  കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE