കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ശേഷമാകും സംസ്‌കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക.
ഇന്നലെ രാവിലെ 11 മണിയോടെ പാടത്ത് പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചുപോയ സഹോദരനാണ് വൈകിട്ട് നാലരയോടെ മൃതദേഹം കണ്ടത്. വാകേരി മൂടക്കൊല്ലിയിലെ വയലിൽ നിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന്റെ പകുതിയോളം ഭാഗം പൂർണമായും കടിച്ചു കൊണ്ടുപോയിരുന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പല ശരീരഭാഗങ്ങളും വേർപ്പെട്ടിരുന്നു.
തുടർന്ന് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാവാനാണ് സാധ്യത. കടുവക്കായി കെണി വെക്കാനാണ് സാധ്യത കൂടുതൽ. അതിന് പുറമെ കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്റെ തിരച്ചിലും തുടരും. പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതിനാൽ തന്നെ പ്രദേശത്തു ജനങ്ങൾ വലിയ ഭീതിയിലാണ്. നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം