ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി. 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് നിലവിൽ മാക്കൂട്ടം വഴി കർണാടകയിലേക്ക് കടത്തിവിടുന്നത്.
അതേസമയം, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്തുന്ന കർണാടക സർക്കാരിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാണ്. നിത്യേന മൈസൂരു, ബെംഗളൂരു ഉൾപ്പടെയുള്ള സ്‌ഥലങ്ങളുമായി വിവിധ ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ആയിരകണക്കിന് ആളുകളാണ് നിയന്ത്രണത്തിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ഏഴ് ബസുകൾ ഇന്നലെ പെരുമ്പാടി ചെക്ക്‌പോസ്‌റ്റിൽ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. നാലുമണിക്കൂറിലധികം സമയം തടഞ്ഞുവെച്ചതായാണ് പരാതി. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ പുലർച്ചെ ഏഴ് മണിയോടെയാണ് ബസുകൾ വിട്ടയച്ചത്. അതേസമയം, ചുരം പാതയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് വിരാജ്പേട്ടയിൽ നിന്ന് മാക്കൂട്ടം ചുരത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.
Most Read: കാർഷിക നിയമങ്ങൾ റദ്ദാക്കൽ; തിങ്കളാഴ്‌ച പാർലമെന്റിൽ എത്തണമെന്ന് എംപിമാർക്ക് നിർദ്ദേശം