ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫിസർ ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചതിന് പിന്നാലെ തൽസ്‌ഥാനത്തേക്ക് വിദേശിയെ നിയമിച്ചു. ആഗോള ലീഗൽ പോളിസി ഡയറക്‌ടർ ജെറെമി കെസ്സലിനെയാണ് പുതിയ ഓഫിസറായി നിയമിച്ചിരിക്കുന്നത്.
അതേസമയം, കെസ്സലിന്റെ നിയമനം ഇന്ത്യൻ ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു. പരാതി പരിഹാര ഓഫിസർ ഇന്ത്യയിൽനിന്നുള്ള വ്യക്‌തിയാകണമെന്ന് പുതിയ ചട്ടത്തിൽ നിബന്ധനയുണ്ട്. എന്നാൽ പുതുതായി നിയമിക്കപ്പെട്ട കെസ്സൽ യുഎസിലെ സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ളയാളാണ്. ഇന്ത്യയിൽനിന്നുള്ള പരാതികൾക്കായുള്ള ഇമെയിൽ കെസ്സെലിന് നൽകി.
ചുമതലയേറ്റ് ഒരു മാസം പിന്നിടുന്നതിന് മുൻപാണ് ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചത്. മെയ് 31ന് ധർമേന്ദ്ര ചതുറിനെ പരാതി പരിഹാര ഓഫിസറായി നിയമിക്കുകയാണെന്ന് ട്വിറ്റർ ഡെൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
Most Read: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി