പാലക്കാട്: അട്ടപ്പാടിയിൽ ഒരാഴ്‌ച മുമ്പ് കോവിഡ് ബാധിച്ച് ആദിവാസി വിഭാഗത്തിൽപെട്ട രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിക്ക് ചികിൽസ നൽകുന്നതിൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച ഉണ്ടായതായി റിപ്പോർട്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എതിരെയാണ് റിപ്പോർട് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ആശുപത്രിക്ക് ഉണ്ടായ വീഴ്‌ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഡിഎംഒ അറിയിച്ചു.
ആശുപത്രിയിൽ ഡോക്‌ടർമാർ ഉണ്ടായിരുന്നിട്ടും കുട്ടിയുടെ മോശം ആരോഗ്യസ്‌ഥിതി ഗൗരവത്തിൽ എടുത്തില്ലെന്നാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് ലഭിച്ച പരാതിയിലും പ്രാഥമിക റിപ്പോർട്ടിലും പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുന്ന ഡിഎംഒ ഡോ. കെ റീത്ത കുട്ടിയെ ചികിൽസിച്ച മറ്റു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
വാഹന സൗകര്യം ഇല്ലാത്ത അബന്നൂർ ഊരിൽ നിന്ന് കഴിഞ്ഞ മാസം 27ന് രക്ഷിതാക്കളാണ് കടുത്ത പനിയും ചുമയുമായി കുട്ടിയെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്. ആ സമയത്ത് കുട്ടിക്ക് 105 ഡിഗ്രി പനി ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പനി കുറയാൻ മരുന്ന് നൽകിയെങ്കിലും ആരോഗ്യസ്‌ഥിതി വിലയിരുത്തിയില്ലെന്നാണ് പരാതി. മൂന്ന് ദിവസം മുൻപ് പനി ബാധിച്ച കുട്ടിക്ക് ചെയ്യേണ്ട പരിശോധനയും നടത്തിയിരുന്നില്ല. തുടർന്ന് രാത്രി എട്ടരയോടെ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
കുട്ടി പിന്നീട് അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും തിരിച്ചയച്ചതും രണ്ട് ഡോക്‌ടർമാരാണ്. കോവിഡ് തീവ്രവ്യാപനം ഉണ്ടായിരിക്കെ കുട്ടിയെ പരിശോധന കൂടാതെ വീട്ടിലേക്ക് അയച്ചത് വീഴ്‌ചയാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പകരം, തൃശൂർ മെഡിക്കൽ കോളേജിലേക്കോ മറ്റു പ്രധാന ആശുപത്രിയിലേക്കോ റഫർ ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, രക്ഷിതാക്കൾ ആവശ്യപ്പെട്ടത് കൊണ്ടാണ് ഊരിലേക്ക് വിട്ടതെന്നാണ് ഔദ്യോഗിക വാദം.
Most Read: സിപിഎം സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; സമ്മേളനങ്ങളിൽ മാറ്റമില്ല