ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി സ്വീകരിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ സ്വീകരിച്ചത്.
കേസിൽ വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയ അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി ഈ മാസം 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തെളിവുകളുടെ അഭാവത്തിലായിരുന്നു കട്ടപ്പന വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്‌തമാക്കുന്നത്.
സുപ്രധാനമായ വാദങ്ങളാണ് സർക്കാർ അപ്പീലിൽ സൂചിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് കേസിലെ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികൾ കോടതി പരിഗണിച്ചില്ലാ എന്നതാണ്. വിചാരണ കോടതി ഫൊറൻസിക് റിപ്പോർട് അവഗണിച്ചു, സംഭവ സ്‌ഥലത്ത് നിന്ന് ലഭിച്ച ബെഡ് ഷീറ്റിൽ പ്രതിയായ അർജുന്റെ തലമുടി ഉണ്ടായിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്നും സർക്കാർ അപ്പീലിൽ പറയുന്നു.
കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാലത്ത് നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളി പരിഗണിക്കുന്നതിൽ കട്ടപ്പന കോടതിക്ക് വീഴ്‌ച പറ്റിയെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിക്കെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും സർക്കാർ വാദിക്കുന്നു. 2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്‌റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
പെൺകുട്ടിക്കു 3 വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചതായി പോലീസ് പറഞ്ഞിരുന്നു. 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ചു രണ്ടു വർഷത്തിന് ശേഷമാണ് വിധി വന്നത്.
കട്ടപ്പന സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്‍ജുവാണ് കേസിൽ വിധി പറഞ്ഞത്. കൊലപാതകവും ബലാൽസംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിയെ കുറ്റവിമുക്‌തനാക്കിയത്. തെളിവ് ശേഖരിച്ചതിൽ വീഴ്‌ച ഉണ്ടായെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്റെ വിശ്വാസ്യത സംശയകരമാണെന്നും കോടതി പറഞ്ഞിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read| വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് രാഹുലും ഖർഗെയും