തിരുവനന്തപുരം : സംസ്‌ഥാനത്ത് ജല അതോറിറ്റിയും, കെഎസ്ഇബിയും ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇവയുടെ പിരിവ് നിർത്തിവെക്കാൻ തീരുമാനമായത്. അടുത്ത രണ്ട് മാസത്തേക്കായിരിക്കും ഇളവ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഒപ്പം തന്നെ നിലവിലത്തെ സാഹചര്യത്തിൽ ജപ്‌തി പോലെയുള്ള നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ സംസ്‌ഥാനത്തെ കോവിഡ് സ്‌ഥിതി അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്.
41,953 ആളുകൾക്കാണ് ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്ന് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ.
Read also : അത്യാവശ്യ ഘട്ടത്തിൽ മരുന്ന് വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം തേടാം; മുഖ്യമന്ത്രി