ഒറ്റ ദിവസം മാനന്തവാടിയെ വിറപ്പിച്ച കാട്ടാന; തണ്ണീർകൊമ്പൻ ചരിഞ്ഞു

മാനന്തവാടിയിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടിവെച്ച ആനയെ രാത്രി പത്തരയോടെ കർണാടകയ്‌ക്ക് കൈമാറി. തുടർന്ന് അർധരാത്രിയോടെയാണ് ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടത്. പിന്നാലെയാണ് ചരിഞ്ഞത്.

By Trainee Reporter, Malabar News
tanneer komban
Ajwa Travels

വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം. തണ്ണീർ കൊമ്പൻ ചരിഞ്ഞതായി കർണാടക പ്രിൻസിപ്പൽ ഫോറസ്‌റ്റ് കൺസർവേറ്റർ സ്‌ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ മാനന്തവാടിയിൽ നിന്നും ബന്ദിപ്പൂരിലെ രാമപുരം ആന ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു സംഭവം. അതേസമയം, ആന ചരിയാനുണ്ടായ കാരണം വ്യക്‌തമല്ല.

സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്‌റ്റുമോർട്ടം നടത്താനാണ് നീക്കം. 20 ദിവസത്തിനിടെ ആന രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയ്‌ക്ക് മറ്റെന്തെങ്കിലും പരിക്കുകൾ ഉണ്ടായിരുന്നോ എന്നതുൾപ്പടെ പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടിവെച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്.

തുടർന്ന് കർണാടകയ്‌ക്ക് കൈമാറി. ആനയെ അർധരാത്രിയോടെയാണ് ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ ചരിഞ്ഞതായാണ് വിവരം. മയക്കുവെടിവെച്ചു വാഹനത്തിൽ കയറ്റുന്ന സമയത്ത് തന്നെ തീർത്തും അവശനായിരുന്നു തണ്ണീർകൊമ്പൻ. മയക്കുവെടിവെച്ചപ്പോഴും യാതൊരു പ്രകോപനവും ആനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ജനുവരി പത്തിന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്‌റ്റേറ്റിൽ നിന്ന് മയക്കുവെടിവെച്ചു പിടികൂടി ആനയെ ബന്ദിപ്പൂർ വനത്തിൽ വിട്ടതായിരുന്നു. അവിടെ നിന്നാണ് മാനന്തവാടിയിൽ എത്തിയത്.

ഇന്നലെ പുലർച്ചെയാണ് ആന മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തിയത്. തുടർന്ന് 13ആം മണിക്കൂറിലാണ് മയക്കുവെടി വെച്ചത്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്. ആനയെ പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നു വിടാനാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡി ജയപ്രസാദ് ഉത്തരവിട്ടത്. അഞ്ചരയോടെയാണ് ആനയെ വെടിവെയ്‌ക്കാനായത്.

Most Read| പിവി അൻവറിന്റെ പാർക്കിന് ലൈസൻസുണ്ടോ? റിപ്പോർട് തേടി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE