കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 8ആം വാർഡിൽ ഉൾപ്പെടുന്ന രാജഗിരി കോളനിയിൽ, സമീപത്തെ കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കോളനിയിൽ എത്തുന്ന കാട്ടാനകൾ വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. കമുക്, തെങ്ങ്, വാഴ തുടങ്ങിയ വിളകളാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്.
കേരള -കർണാടക അതിർത്തിയിൽ സ്‌ഥാപിച്ച വൈദ്യുത വേലി നിലവിൽ തകർന്നിരിക്കുകയാണ്. ഈ ഭാഗത്ത് കൂടിയാണ് കാട്ടാനക്കൂട്ടം കോളനിയിൽ ഇറങ്ങുന്നത്. കൃഷിനാശം വ്യാപകമായതോടെ മിക്ക കർഷകരും ഇപ്പോൾ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. കാട്ടാനകളെ പേടിച്ച് ഉറങ്ങാൻ പോലും കഴിയാത്ത സ്‌ഥിതിയാണെന്ന് കോളനി നിവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
ഏതാനും ആഴ്‌ചകൾക്ക് മുൻപ് കാട്ടാനകൾ കോളനിയിൽ വ്യാപക നാശനഷ്‌ടം സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സ്‌ഥലം സന്ദർശിച്ച അധികൃതർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും, തകർന്ന വൈദ്യുത വേലി പോലും ഇതുവരെ പുനർനിർമിച്ചിട്ടില്ല. കാട്ടാനകളുടെ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വൈദ്യുത വേലി പുനർനിർമ്മിക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്നാണ് കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.
Read also: ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്