നിങ്ങൾക്കും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാം; പണം നല്‍കേണ്ടത് ഇങ്ങനെ

By Staff Reporter, Malabar News
cm pandemic relief fund
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കേരളത്തിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ച് തരംഗമാകുന്നു. ഒരു കോടിയിലേറെ രൂപയാണ് രണ്ടുദിവസം കൊണ്ട് ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. സംഭാവനത്തുക അനുനിമിഷം വർധിക്കുകയാണ്.

സമൂഹ മാദ്ധ്യമങ്ങളിൽ രണ്ട് ദിവസം മുമ്പാണ് വാക്‌സിൻ ചലഞ്ച് #VaccineChallenge എന്ന ഹാഷ്‌ടാഗുമായി പ്രചരണം ആരംഭിച്ചത്. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ ഇതിനുവേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു ആഹ്വാനം. നിമിഷങ്ങൾക്കകം ജനങ്ങൾ ഇത് ഏറ്റെടുത്തതോടെ ലോകത്തിന് തന്നെ മാതൃകയായി മാറി ഈ മുന്നേറ്റം.

വാക്‌സിൻ ചലഞ്ചിൽ ഭാഗമാകുന്നതെങ്ങനെ? പണം ഓൺലൈൻ വഴി എങ്ങനെ നൽകാം?

സിഎംഡിആർഫ് ഡൊണേഷൻ പോർട്ടലിലൂടെയാണ് ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഇതിനായി ആദ്യം donation.cmdrf.kerala.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക. തുറന്നുവരുന്ന ജാലകത്തിൽ Donate എന്ന ടാബിൽ ക്ളിക്ക് ചെയ്‌താൽ സംഭാവന നൽകാനുള്ള ഫോം ലഭിക്കും. ഇതിൽ പെയ്മെന്റ് രീതി തിരഞ്ഞെടുക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ എന്നിവ വഴി പണം നൽകാവുന്നതാണ്.

തുടർന്ന് പേരും ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും അതാത് കോളങ്ങളിൽ പൂരിപ്പിക്കുക. തൊട്ടടുത്ത കോളത്തിൽ നൽകാൻ ഉദ്ദേശിക്കുന്ന തുകയും രേഖപ്പെടുത്തുക. പിന്നീട് ക്യാപ്ച്ചയും നൽകുക.

ശേഷം Proceed എന്ന ഭാഗത്ത് ക്ളിക്ക് ചെയ്‌താൽ അതാത് ബാങ്കുകളുടെ പേരുവിവരങ്ങൾ പ്രത്യക്ഷപ്പെടും. ഇവിടെ പ്രസ്‌തുത ബാങ്കിന്റെ പേരിന് നേരേ ക്ളിക്ക് ചെയ്‌ത്‌ കാർഡ് നമ്പർ അല്ലെങ്കിൽ മറ്റുവിവരങ്ങൾ നൽകി ഇടപാട് പൂർത്തിയാക്കാം. പണം നൽകിയ ശേഷം രസീത് ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും.

ഗൂഗിൾ പേയിൽ Kerala Chief Ministers Distress Relief Fund എന്ന അക്കൗണ്ട് വഴിയും പണം നൽകാവുന്നതാണ്.

വാക്‌സിൻ ചലഞ്ചിലൂടെ ജനങ്ങൾ നൽകുന്ന തുക സംഭരിക്കാൻ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇങ്ങനെ ലഭിക്കുന്ന തുക വാക്‌സിനേഷന് വേണ്ടി മാത്രം ഉപയോഗിക്കുമെന്നും ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകൾ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.

Read Also: കേന്ദ്രത്തിന്റെ വാക്‌സിൻ നയം; 28ന് സിപിഎമ്മിന്റെ പ്രതിഷേധ പരിപാടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE