സംസ്‌ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി

By Staff Reporter, Malabar News
Zika In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിക വൈറസ് രോഗം നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്‌ചയിലേറെയായി പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത് 66 സിക വൈറസ് കേസുകളാണ്.

ഇതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഓരോ കേസ് വീതവും റിപ്പോര്‍ട് ചെയ്യപ്പെട്ടു. നിലവിൽ ഇവരാരും തന്നെ ചികിൽസയിലില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സികയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്; ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്‌തമായ ഇടപെടലുകളിലൂടെയാണ് സികയെ ഇത്രവേഗം പ്രതിരോധിക്കാൻ ആയതെന്നും തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി രോഗ പ്രതിരോധത്തിനായി പ്രയത്‌നിച്ച എല്ലാവരേയും അഭിനന്ദിക്കുകയും ചെയ്‌തു.

സിക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സര്‍വയലന്‍സിന്റെ ഭാഗമായി 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്‌തത്‌. പനി, ചുവന്ന പാടുകള്‍, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവന സന്ദര്‍ശനം നടത്തി കണ്ടെത്തി. അതില്‍ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഇതിൽ 66 പേരിലാണ് രോഗം കണ്ടെത്തിയത്.

ഗര്‍ഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും. അതിനാല്‍ പനി പോലുള്ള ലക്ഷണമുള്ള എല്ലാ ഗര്‍ഭിണികളെയും പരിശോധിച്ചു. 4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്‌തതില്‍ 6 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങള്‍ റിപ്പോര്‍ട് ചെയ്‌തതില്‍ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ആ കുഞ്ഞിനും സിക വൈറസ് മൂലമുള്ള പ്രശ്‌നമുണ്ടായില്ല.

Zika Virus-kerala

ജൂലൈ 8നാണ് സംസ്‌ഥാനത്ത് ആദ്യമായി സിക വൈറസ് സ്‌ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡിനോടൊപ്പം തന്നെ സിക പ്രതിരോധവും ശക്‌തമാക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ച് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ മന്ത്രി നേരിട്ടെത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സികയോടൊപ്പം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയെ കൂടി പ്രതിരോധിക്കാന്‍ പദ്ധതികൾ ആവിഷ്‌കരിച്ചു.

സംസ്‌ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളിലും എന്‍ഐവി ആലപ്പുഴയിലും തിരുവനന്തപുരം പബ്ളിക് ലാബിലും സിക വൈറസ് പരിശോധിക്കാനുള്ള അടിയന്തര സൗകര്യങ്ങളൊരുക്കി. സിക വൈറസ് ബാധയുള്ള പ്രദേശത്തെ ക്‌ളസ്‌റ്ററുകളായി തിരിച്ചാണ് പ്രതിരോധം ശക്‌തമാക്കിയത്. വീടുകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, ബോധവൽക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കി. കേസുകള്‍ കൂടുതലുള്ള തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫിസ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഏകോപിച്ച് ശക്‌തമായ പ്രവര്‍ത്തനം നടത്തി.

ഇതോടൊപ്പം ഊര്‍ജിത കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറക്കാനും സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കും; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE