മനാമ: കഴിഞ്ഞ 9 മാസമായി യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാർക്ക് മോചനം. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. വടകര കുരിയാടി ദേവപത്‌മത്തിൽ ടികെ പ്രവീൺ(46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്‌തഫ(43) എന്നിവരാണ് മോചിതരായ മലയാളികൾ. 7 മഹാരാഷ്‌ട്ര സ്വദേശികളും, 2 തമിഴ്‌നാട്ടുകാരും ഉത്തർപ്രദേശ്, ബംഗാൾ, പോണ്ടിച്ചേരി സ്വദേശികളായ ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാർക്ക് പുറമെ 5 ബംഗ്ളാദേശുകാരും ഒരു ഈജിപ്‌തുകാരനും ഇവരുടെ കൂടെ ഉണ്ടായിരുന്നു.
സനയിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്. ശനിയാഴ്‌ച ഇന്ത്യൻ എംബസി അധികൃതർക്ക് കൈമാറിയ ഇവരെ യെമൻ തലസ്‌ഥാനമായ സനയിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഏദൻ വിമാനത്താവളം വഴിയാകും ഇവർ നാട്ടിലേക്ക് മടങ്ങുക. നടപടികൾ പൂർത്തീകരിച്ച് രണ്ട് ദിവസത്തിനകം ഇവർക്ക് നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also: ശമ്പളമില്ല; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാര്‍ സമരത്തിലേക്ക്