ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ കാളകൾ വിരണ്ടോടി അപകടം. 50ഓളം പേർക്കാണ് അപകടത്തെ തുടർന്ന് പരിക്കേറ്റത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിന് തിരുവണ്ണാമലൈ പോലീസ് 5 സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്‌തു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്. തിരുവണ്ണാമലൈയിലെ ആറണി കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ കാളകളും, ആയിരത്തിലധികം ആളുകളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
തമിഴ്‌നാട്ടിൽ നിലവിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ചടങ്ങ് നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. എന്നാൽ നിയമം ലംഘിച്ചും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും സംഘാടകർ ചടങ്ങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് കാളകൾ വിരണ്ടോടിയത്.
Read also: ട്രെയിനിലെ പോലീസ് മർദ്ദനം; പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി