കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമപരമായി ഹരജി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.
മാദ്ധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പ്രോസിക്യൂഷനും ചേർന്ന് വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ദിലീപ് ഹരജിയിൽ ആരോപിക്കുന്നു. വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാകുന്നത് വരെ വാർത്തകൾ തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നു.
ഇതിനിടെ കേസിലെ മാപ്പുസാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകൾ പുറത്ത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്.
അതേസമയം, കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയോട് അഭ്യർഥിച്ചു. കേസ് അടുത്ത തിങ്കളാഴ്‌ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്‌ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചന കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ