ജയ്‌പൂര്‍: പഞ്ചാബിലെ ഭരണമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഇരുനേതാക്കളും സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ച ചെയ്‌തതായാണ് റിപ്പോര്‍ട്.
രാജസ്‌ഥാനില്‍ പുനസംഘടന വേണമെന്ന് പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗവും ഏറെ നാളായി ഉയര്‍ത്തുന്ന ആവശ്യമാണ്. പഞ്ചാബില്‍ ഹൈക്കമാന്‍ഡ് നടത്തിയ നിര്‍ണായക ഇടപെടല്‍ വന്ന സാഹചര്യത്തില്‍ രാജസ്‌ഥാനിലും കാതലായ മാറ്റങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൈലറ്റ് വിഭാഗം.
രാജസ്‌ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ അടുത്തിടെ രണ്ട് തവണ സംസ്‌ഥാനത്ത് എത്തി എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. സംസ്‌ഥാനത്തെ വിവിധ ബോര്‍ഡുകളിൽ തന്റെ ചില വിശ്വസ്‌തരെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം പൈലറ്റ് ഉന്നയിച്ചിരുന്നു. കൂടാതെ മന്ത്രിസഭാ പുനസംഘടനയും പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
പഞ്ചാബില്‍ മുൻമുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി ഭീഷണി മുഴക്കിയപ്പോഴും അനുനയ നീക്കത്തിന് മുതിരാതെ ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രിയെ നിയമിക്കുകയാണ് ചെയ്‌തത്. അതിനാൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്നു നീങ്ങിയാല്‍ രാജസ്‌ഥാനിലും സ്‌ഥിതി വ്യത്യസ്‍തമാവില്ല എന്നാണ് സൂചന.
Read also: ജലാലാബാദിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്