ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ബുധനാഴ്‌ച രാത്രി തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യ- മ്യാൻമർ അതിർത്തി നഗരമായ മോറേയിൽ കുക്കി സായുധ ഗ്രൂപ്പുകൾ നടത്തിയ വെടിവെപ്പിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ രണ്ടു കാമോൻഡോകൾ കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് ആസ്‌ഥാനത്തിന് നേരെയും ആക്രമണം ഉണ്ടായത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിന് നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്‌ഥർ നേരിട്ട്, ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ പോലീസ് ആസ്‌ഥാനത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇവരെ നേരിടാൻ ശ്രമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിൽ നിന്നും ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പുണ്ടായത്.
എസ്‌ഐമാരായ സോബ്രം സിങ്, റാംജി, കോൺസ്‌റ്റബിൾ ഗൗരവ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു ഗോത്രവിഭാഗക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെയായിരുന്നു അക്രമ പരമ്പര.
Most Read| എക്‌സാലോജിക് കമ്പനിയുടെ രേഖകളിലും കൃത്രിമം; ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ