കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെട്ട വന്ദേഭാരതിനാണ് 3.43നും 3.49നും ഇടയിൽ തലശേരിക്കും മാഹിക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടി ഗ്ളാസ് അകത്തേക്ക് തെറിച്ചു. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തി. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടർന്നത്.
സംഭവത്തെ കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ചു വരികയാണ്. കണ്ണൂരിൽ രണ്ടു ദിവസം മുമ്പും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഇത്തരം കല്ലേറുകൾ ആസൂത്രിതമല്ലെന്നാണ് കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കല്ലേറുണ്ടായപ്പോൾ ആർപിഎഫ് പ്രാഥമിക നിഗമനം നൽകിയത്. എന്നാൽ, കണ്ണൂർ-കാസർഗോഡ് ഭാഗത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. കല്ലേറിൽ എസി കൊച്ചിന്റെ ചില്ലുകൾ തകർന്നിരുന്നു.
അതേസമയം, കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറയുന്നു. പ്രധാനമന്ത്രിയുടെ അനുമതി ഇതിനായി തേടുമെന്നും മന്ത്രി വ്യക്‌തമാക്കി. കേരളത്തിന് ഒരു വന്ദേഭാരത് കൂടി കിട്ടുമെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കാസർഗോഡ് നിന്ന് തലസ്‌ഥാനത്തേക്ക് ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയെന്നാണ് സുരേന്ദ്രൻ അറിയിച്ചത്.
Most Read| കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം