കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്‌റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം

By News Desk, Malabar News
Campus Front National secratary arrested
അറസ്‌റ്റിലായ റൗഫ് ഷെരീഫ്
Ajwa Travels

തമ്പാനൂർ: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം നിർണായക വഴികളിലേക്ക്. രണ്ടു കോടി 21 ലക്ഷം രൂപയാണ് റൗഫിന്റെ അക്കൗണ്ടിൽ നിന്ന് ഇഡി കണ്ടെത്തിയത്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും ഇഡി പറയുന്നു. റൗഫിനെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ഹത്രസിലേക്ക് പോയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെയുള്ള സംഘത്തിന് പണം നല്‍കിയത് റൗഫ് ഷെരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മസ്‌കറ്റിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ റൗഫിനെ ഇമിഗ്രേഷൻ പരിശോധനക്ക് തൊട്ടുമുമ്പായിരുന്നു ഡൽഹിയിൽനിന്നുള്ള ഇഡി ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ എടുത്തത്. റൗഫിന്‍റെ അക്കൗണ്ടിലേക്ക് ദുരൂഹ പണമിടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. ഇദ്ദേഹത്തിന്റെ മൂന്ന് അക്കൗണ്ടുകളിലായാണ് രണ്ടു കോടി 21 ലക്ഷം രൂപ ഇഡി കണ്ടെത്തിയത്.

ഒരു കോടി 35 ലക്ഷം രൂപ കണ്ടെത്തിയ ഒരു അക്കൗണ്ടില്‍ ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളിലായി 29 ലക്ഷം രൂപ വിദേശത്ത് നിന്ന് വന്നു. മറ്റൊരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന 67 ലക്ഷം രൂപയില്‍ 19.5 ലക്ഷം വിദേശഫണ്ടാണെന്നും കണ്ടെത്തി. മൂന്നാമത്തെ അക്കൗണ്ടിലുണ്ടായിരുന്ന 20 ലക്ഷം രൂപ കോവിഡ് കാലത്ത് റൗഫിന്റെ അക്കൗണ്ടിലേക്ക് ഒമാനിൽ നിന്നാണ് എത്തിയിരിക്കുന്നത്. ഈ പണത്തിൽ നിന്ന് ഹത്രസിലേക്ക് പോകാന്‍ കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്‌മാന്റെ അക്കൗണ്ടിലേക്ക് റൗഫ് പണം അയച്ചിരുന്നു.

മലയാളി മാദ്ധ്യമപ്രവര്‍ത്തന്‍ സിദ്ദീഖ് കാപ്പനൊന്നിച്ച് പോകാന്‍ നിര്‍ദേശം നല്‍കിയതും റൗഫ് ആണെന്ന് ഇഡി പറയുന്നു. ചോദ്യം ചെയ്യലില്‍ കാമ്പസ് ഫ്രണ്ട് ട്രഷറര്‍ അതീഖറിനെ അറിയില്ലെന്ന് കാപ്പന്‍ പറഞ്ഞത് കളവാണെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഒരു വര്‍ഷമായി സിദ്ദീഖ് കാപ്പനെ അറിയാമെന്ന് അതീഖർ വെളിപ്പെടുത്തിയെന്നും ഇഡി റിപ്പോർട്ടിലുണ്ട്. ഹത്രസിലേക്കുള്ള ഇവരുടെ യാത്രയുടെ ലക്ഷ്യം മതസൗഹാര്‍ദം തകര്‍ക്കൽ ആയിരുന്നെന്നും യാത്രക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും ഇഡി ആരോപിച്ചു.

Also Read: സർക്കാർ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ; തൊഴിൽ തട്ടിപ്പ് കേസിൽ തെളിവുകൾ പുറത്ത്

ഹത്രസ് സംഭവത്തിന് പിന്നാലെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് റൗഫിനെ അന്വേഷിച്ചിരുന്നതായി വിവരമുണ്ട്. സിദ്ദീഖ് കാപ്പൻ ഉൾപ്പടെ അറസ്‌റ്റിലായ സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരേ റൗഫ് ഷെരീഫ് ഉൾപ്പടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഡെൽഹിയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. എതിർ ശബ്‌ദങ്ങളെ അടിച്ചമർത്താനാണ് യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നതെന്ന് റൗഫ് അന്ന് ആരോപിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് റൗഫ് അറസ്‌റ്റിലായത്‌.

ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിയാണ് യുപി പോലീസ് സിദ്ദീഖ് കാപ്പനെയും കൂട്ടരെയും അറസ്‌റ്റ് ചെയ്‌തത്‌. രാജ്യദ്രോഹം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചിട്ട് പോലും കാപ്പന് ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.

National News: കർഷകരാണ് ശരി; കേന്ദ്രം അംഗീകരിച്ചു; പിന്തുണച്ച് പഞ്ചാബ് മന്ത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE