
മലപ്പുറം: രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് ചെയ്‌തിരിക്കുന്നത്. ഒരു മാദ്ധ്യമ പ്രവർത്തകന് നേരെയുള്ള അനീതി മാത്രമല്ല ഇത്. മനുഷ്യാവകാശങ്ങളോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളി കൂടിയാണിത്. അത് കൊണ്ടുതന്നെ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഏതുഘട്ടം വരെയും കൂടെയുണ്ടാകും; സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ഇന്നലെ നടത്തിയ ഓപ്പൺഫോറം ഉൽഘാടനം ചെയ്‌തു കൊണ്ട് ടിഎൻ പ്രതാപൻ എം.പി പറഞ്ഞു.
സംസ്‌ഥാന സർക്കാർ സജീവമായി വിഷയത്തിൽ ഇടപെടണം. മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ വിഷയത്തിൽ ഉണ്ടാകണം. പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ടയുഗത്തിലേക്കാണ് ബി.ജെ.പി. നയിക്കുന്നത്, അതനുവദിച്ചു കൂടാ; അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.
മാദ്ധ്യമ പ്രവർത്തകൻ എൻ.പി. ചെക്കുട്ടി, വി.ആർ. അനൂപ്, അഡ്വ. കെ.സി. അഷ്‌റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ. മുഹസിൻ, മുജീബ് ആനക്കയം, പി.പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ, സഹോദരൻ കാപ്പൻ ഹംസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Related Read: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി