ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ എത്തും. ഫെബ്രുവരി 12നാണ് കേന്ദ്രസംഘം സംസ്‌ഥാനത്ത് എത്തുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരോടൊപ്പം മുതിർന്ന ഉദ്യോഗസ്‌ഥരും എത്തും. ഫെബ്രുവരി 15 വരെ സംഘം സംസ്‌ഥാനത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്.
ഫെബ്രുവരി 12ന് രാത്രിയോടെ കേന്ദ്രസംഘം തിരുവനന്തപുരത്തേക്ക് എത്തും. പിറ്റേന്ന് രാവിലെ 10 മണിക്ക് സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും പോലീസ് നോഡൽ ഓഫീസർമാരുമായും കൂടിക്കാഴ്‌ച നടത്തും. 11 മണിക്ക് രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം വൈകിട്ട് 3.30ഓടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്‌പിമാരുമായും കൂടിക്കാഴ്‌ച നടത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യനിർവഹണ ഏജൻസികളുമായും കേന്ദ്രസംഘം ആശയവിനിമയം നടത്തും.
ഫെബ്രുവരി 14ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച നടത്തും. വൈകിട്ട് 5 മണിക്ക് വാർത്താസമ്മേളനവും ഉണ്ടാകും. തുടർന്ന്, ഫെബ്രുവരി 15ന് സംഘം ഡെൽഹിയിലേക്ക് മടങ്ങും.
Also Read: നെടുങ്കണ്ടം കസ്‌റ്റഡി മരണം; സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു