ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും ആക്രമണം. അതിർത്തി നഗരമായ മൊറേയിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. സബ് ഡിവിഷണൽ പോലീസ് ഓഫീസർ ചീങ്തം ആനന്ദാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. പോലീസുകാരന്റെ വയറിലൂടെ വെടിയുണ്ട തുളച്ചു കയറി. അക്രമികൾക്കായി തിരച്ചിൽ തുടങ്ങിയെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു.
കുക്കി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ, മൊറേയിലേക്ക് പുറപ്പെട്ട മണിപ്പൂർ പോലീസ് സ്‌പെഷ്യൽ കമാൻഡോ സംഘത്തിന് നേരെയും വെടിവെപ്പ് നടന്നു. നാലിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. സിന ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
ആക്രമണങ്ങൾക്ക് പിന്നാലെ കുക്കി സംഘടനയായ ‘വേൾഡ് കുക്കി സോ ഇന്റലക്‌ച്വൽ കൗൺസിലിനെ’ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. മണിപ്പൂർ സർക്കാരിന്റേതാണ് നടപടി. പോലീസുകാരന്റെ കൊലപാതകത്തെ തുടർന്ന് കൂടിയ അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായവും മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചു.
Most Read| ‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല’; വിമർശനവുമായി രാഹുൽ ഗാന്ധി