ബാൾട്ടിമോർ പാലം അപകടം; തിരച്ചിൽ അവസാനിപ്പിച്ചു- ഇന്ത്യക്കാർ സുരക്ഷിതർ

പാലം തകരുമ്പോൾ എട്ട് നിർമാണ തൊഴിലാളികളാണ് പാലത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേരെ രക്ഷിച്ചു. ആറുപേർക്കായുള്ള തിരച്ചിലാണ് അവസാനിപ്പിച്ചത്. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു.

By Trainee Reporter, Malabar News
Baltimore Bridge Collapse
Ajwa Travels

മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ ആറുപേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തൊഴിലാളികളാണ് കാണാതായ ആറുപേരും. രണ്ടു തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചിൽ അവസാനിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മേരിലൻഡ് ഗവർണർ വെ മൂർ പറഞ്ഞത്. കാണാതായവർക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്ന് സംഭവസ്‌ഥലം സന്ദർശിക്കും.

ഇനി പാലത്തിൽ നിന്ന് അപകട സമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് ഊന്നൽ നൽകുന്നത്. ഈ വാഹനങ്ങൾക്ക് അകത്തും ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ മരണസംഖ്യ ഇനിയും ഉയരും. പ്രാദേശിക സമയം ഏഴോടെ ആറുപേരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന നിഗമനത്തിൽ കോസ്‌റ്റ്ഗാർഡ് എത്തിയിരുന്നു.

പാലം തകരുമ്പോൾ എട്ട് നിർമാണ തൊഴിലാളികളാണ് പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരെ രക്ഷിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച്, പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.

ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പൽ ഇടിച്ചുകയറി. മേരിലൻഡ് സംസ്‌ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്ക് മുകളിൽ 1.6 മൈൽ (ഏകദേശം 2.57 കിലോമീറ്റർ) ദൂരത്തിൽ നാലുവരിയാണ് ഫ്രാൻസിസ് സ്‌കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ കപ്പൽ പൂർണമായി തകർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. സിംഗപ്പൂർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്‌ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപ്പെട്ടത്.

അപകട സമയം 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്. സിനർജി മറൈൻ ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പ്രസ് ഓഫീസർ ആദംസൺ, ബിബിസിയോടാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ജീവനക്കാരിൽ ഒരാളുടെ തലയ്‌ക്ക് ചെറിയ പോറൽ ഉണ്ടായെന്നല്ലാതെ മറ്റു പരിക്കുകൾ ഒന്നുമില്ലെന്നാണ് വിവരം. സംഭവത്തിൽ സർക്കാർതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ 24 അംഗ സംഘമാണ് അന്വേഷിക്കുന്നത്.

Most Read| തൊഴിൽ തട്ടിപ്പ്; റഷ്യയിലെത്തിയ മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE