വമ്പൻ പ്രഖ്യാപനങ്ങൾ; ഏഴ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധയൂന്നി കേന്ദ്ര ബജറ്റ്

ഏഴ് മുൻഗണനാ വിഷയങ്ങളാണ് ബജറ്റിലുള്ളത്. അടിസ്‌ഥാന സൗകര്യ വികസനം, യുവശക്‌തി, കർഷക ക്ഷേമം, പിന്നാക്ക വിഭാഗം, ഊർജ സംരക്ഷണം അടക്കമാണ് ഏഴ് മുൻഗണനാ വിഷയങ്ങൾ. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തേ ആദ്യ ബജറ്റാണിതെന്നും ധനമന്ത്രി പറഞ്ഞു.

By Trainee Reporter, Malabar News
union budget 2023-24

ന്യൂഡെൽഹി: 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ആദായ നികുതിയിൽ ഇളവ് ഉൾപ്പടെ നിർണായക പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

ഏഴ് മുൻഗണനാ വിഷയങ്ങളാണ് ബജറ്റിലുള്ളത്. അടിസ്‌ഥാന സൗകര്യ വികസനം, യുവശക്‌തി, കർഷക ക്ഷേമം, പിന്നാക്ക വിഭാഗം, ഊർജ സംരക്ഷണം അടക്കമാണ് ഏഴ് മുൻഗണനാ വിഷയങ്ങൾ. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തേ ആദ്യ ബജറ്റാണിതെന്നും ധനമന്ത്രി പറഞ്ഞു. ഇത്തവണയും പേപ്പർലെസ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി ഉണ്ടായില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൾ ബജറ്റ് ലഭ്യമാക്കും.

11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ശരിയായ ദിശയിലെന്ന് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ട് ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെ തിളങ്ങുന്ന നക്ഷത്രമായാണ് ലോകം കണക്കാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2014ൽ അധികാരത്തിലേറിയത് മുതൽ സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ എല്ലാ പൗരൻമാർക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാൻ കഴിഞ്ഞു. ഒമ്പത് വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി മാറിയെന്നും നിർമല സീതാരാമൻ വ്യക്‌തമാക്കി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ: 1. അടുത്ത ഒരു വർഷത്തേക്ക് എല്ലാ മുൻഗണനാ കുടുംബങ്ങൾക്കും ഭക്ഷ്യധാനങ്ങൾ വിതരണം ചെയ്യാൻ പദ്ധതി. പ്രധാനമന്ത്രി കല്യാൺ അന്ന യോജന ഒരു വർഷത്തേക്ക് കൂടി നീട്ടി. പദ്ധതിക്ക് കീഴിലുള്ള രണ്ടുലക്ഷം കോടി രൂപയുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കും. 2. മിഷൻ മോഡിൽ ടൂറിസം പ്രോൽസാഹിപ്പിക്കും. സംസ്‌ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് ടൂറിസത്തിന്റെ പ്രോൽസാഹനം മിഷൻ മോഡിൽ ഏറ്റെടുക്കും. യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും ഈ മേഖല വലിയ അവസരങ്ങൾ നൽകും.

3. കൃഷിയുമായി ബന്ധപ്പെട്ട സ്‌റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകും. യുവസംരംഭകരുടെ അഗ്രികൾച്ചർ സ്‌റ്റാർട്ടപ്പുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ഒരു അഗ്രികൾച്ചർ ആക്‌സിലറേറ്റർ ഫണ്ട് രൂപീകരിക്കും. 4. കുട്ടികൾക്കും യുവജനങ്ങൾക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്‌ഥാപിക്കും. 5. മൃഗസംരക്ഷണം, ക്ഷീര വികസനം, മൽസ്യ ബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കാർഷിക വായ്‌പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തും. 6. 2014 മുതൽ നിലവിലുള്ള 157 മെഡിക്കൽ കോളേജുകളുടെ സഹകരണത്തോടെ 157 പുതിയ നഴ്‌സിംഗ് കോളേജുകൾ സ്‌ഥാപിക്കും.

7. പ്രധാനമന്ത്രി ആവാസ് യോജനയുടെ ചിലവ് 66 ശതമാനം വർധിപ്പിച്ചു 79,000 കോടി രൂപയായി ഉയർത്തും. 8. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആദിവാസി വിദ്യാർഥികളെ പിന്തുണക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകൾക്കായി 38,800 അധ്യാപകരെയും സപ്പോർട്ട് സ്‌റ്റാഫിനെയും നിയമിക്കും. 9. പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായി പ്രധാനമന്ത്രി വിശ്വകർമ കൗശൽ സമ്മാൻ പദ്ധതി. മേഖലയെ വിദഗ്‌ധർക്കും കരകൗശല തൊഴിലാളികൾക്കുമുള്ള സഹായ പാക്കേജാണ് പദ്ധതി. 10. ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിനായി മൂന്ന് സ്‌ഥാപനങ്ങൾ സ്‌ഥാപിക്കും.

11. പാൻ കാർഡ് തിരിച്ചറിയൽ കാർഡായി അംഗീകരിക്കും. 12. അടുത്ത സാമ്പത്തിക വർഷം റെയിൽവേക്കായി 2.40 ലക്ഷം കോടി രൂപ വകയിരുത്തി. 13. പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തും. ഇതിനായി 50 അധിക വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, നൂതന ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ പുനരുജ്‌ജീവിപ്പിക്കും. 14. യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യം ഉള്ളവരാക്കി മാറ്റാൻ വിവിധ സംസ്‌ഥാനങ്ങളിലായി 30 സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്‌ഥാപിക്കും.

15. വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിവാദ് സേ വിശ്വാസ്-2 പദ്ധതി നടപ്പിലാക്കും. 16. പ്രധാനമന്ത്രി പ്രണം യോജന ആരംഭിക്കും. ഇതര വളങ്ങൾ പ്രോൽസാഹിപ്പിക്കുന്നതാണ് പദ്ധതി. ഇതിനുപുറമെ, ഗോവർദ്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 500 പുതിയ പ്ളാനുകൾ സ്‌ഥാപിക്കും. 17. രാജ്യത്ത് 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തും. ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരത്തിനുള്ള സമ്പൂർണ പാക്കേജായി ഇവയെ വികസിപ്പിക്കും.

18. എംഎസ്എംഇകൾക്കായി 9,000 കോടി രൂപ നീക്കിവെച്ചു. 19. മഹിള സമ്മാൻ സേവിങ്സ് ലെറ്റർ സ്‌കീം ആരംഭിക്കും. ഇതിൽ സ്‌ത്രീകൾക്ക് രണ്ടുലക്ഷം രൂപക്ക് 7.5 ശതമാനം പലിശ ലഭിക്കും. സീനിയർ സിറ്റിസൺ സ്‌കീമിന്റെ പരിധി 4.5 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ഉയർത്തും. 20. ഇലക്രോണിക് വാഹനങ്ങൾക്ക് വില കുറയും. വിദേശത്ത് നിന്ന് വരുന്ന വെള്ളി വസ്‌തുക്കൾക്ക് വില കൂടും. ചില മൊബൈൽ ഫോണുകൾ, കാമറ ലെൻസുകൾ എന്നിവക്ക് വില കുറയും. സിഗരറ്റിന് വില കൂടും. കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ എന്നിവക്ക് വില കുറയും.

21. ആദായനികുതി പരിധിയിൽ ഇളവുകൾ. ഏഴ് ലക്ഷം രൂപവരെ ആദായ നികുതിയില്ല. പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി സ്ളാബുകൾ 5 ആക്കി കുറച്ചു. 3-6 ലക്ഷം വരെ അഞ്ചു ശതമാനമാണ് നികുതി. 6-9 ലക്ഷം വരെ 10 ശതമാനം, 9-12 ലക്ഷം വരെ 15 ശതമാനം, 12-15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. 12.32ന് ബജറ്റ് അവതരണം പൂർത്തിയായി.

വില കൂടുന്നവ: സ്വർണം വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, സിഗരറ്റ്, വസ്‌ത്രം

വില കുറയുന്നവ: മൊബൈൽ ഫോൺ, ടിവി, കാമറ ലെൻസ്‌, ലിഥിയം ബാറ്ററി, ഇലക്രോണിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിങ് കോയിൽ

Most Read: ‘ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിത’; കൽപന ചൗളയുടെ ഓർമകൾക്ക് ഇന്ന് 20 വയസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE