തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകം ആണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം അട്ടിമറിക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിച്ചത്. സർക്കാർ അറിഞ്ഞുള്ള ഉന്നത ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതായും ചെന്നിത്തല പറഞ്ഞു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി സിബിഐ ഇന്ന് അറസ്‌റ്റ് ചെയ്‌ത സാഹചര്യത്തിലാണ് പ്രതികരണം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഡിവൈഎസ്‌പി അനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിഷ്‌ണു സുര, ശാസ്‌താ മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്‌റ്റിലായത്. കാസര്‍ഗോഡ് ഗസ്‌റ്റ് ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്‌റ്റ്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.
Most Read: മൂന്ന് സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ്