ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് ചോദ്യവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. മുഖ്യമന്ത്രി, പ്രതി, സാക്ഷി, എഎപി ദേശീയ കൺവീനർ എന്നിവയിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അന്വേഷണ ഏജൻസി വ്യക്‌തമാക്കണമെന്ന് അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടു.
മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടിസിനുള്ള മറുപടിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് അരവിന്ദ് കെജ്‍രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇന്നലെ ഹാജരാകണമെന്ന ഇഡിയുടെ ആവശ്യം തള്ളിയ അരവിന്ദ് കെജ്‍രിവാൾ പത്ത് ദിവസത്തെ വിപാസന ധ്യാനത്തിന് അജ്‌ഞാത കേന്ദ്രത്തിലാണെന്നാണ് വിവരം.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള ഇഡിയുടെ നിർദ്ദേശം ഇത് രണ്ടാം തവണയാണ് കെജ്‌രിവാൾ അവഗണിക്കുന്നത്. പ്രതിപക്ഷത്തെ നിശബ്‌ദരാക്കാൻ ശ്രമിക്കുന്ന ശക്‌തികൾക്ക് വേണ്ടിയാണ് ഇഡി പ്രവർത്തിക്കുന്നതെന്ന് കത്തിൽ കെജ്‌രിവാൾ ആരോപിച്ചു. ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങൾ സൃഷ്‌ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കമെന്നും കെജ്‌രിവാൾ പറഞ്ഞു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്