ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കാസ്രോഡ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്ന ‘സുവർണ്ണം ഇമാറാത്ത്’ നാളെ നടക്കും. ഷാർജ മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ കോൺഫറൻസ് (മീഖാത്ത് ഹോട്ടൽ) ഹാളിലാണ് പരിപാടി നടക്കുക.
യു.എ.ഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ ഭരണാധികാരിയുടെ സ്ഥാനരോഹണത്തിന്റെ സുവർണ ജൂബിലിയും പ്രമാണിച്ചുള്ള ആഘോഷ പരിപാടി കൂടിയാണ് ‘സുവർണ്ണം ഇമാറാത്ത്’. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 50 പ്രവാസികളെ ചടങ്ങിൽ ആദരിക്കും. 40 വർഷത്തിലധികമായി ഷാർജയിൽ പ്രവാസികളായ വ്യക്തികളെയാണ് ആദരിക്കുക.
ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുക്കുമെന്നും ഫെബ്രുവരി 24, 25,26 തിയതികളിലാണ് ‘കാസ്രോഡ് ഫെസ്റ്റ്’-ന്റെ ഭാഗമായ മറ്റു പരിപാടികൾ നടക്കുകയെന്നും ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
Most Read: വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ