കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ

By News Desk, Malabar News
Central agencies arrived to assist the Chief Minister; V Muraleedharan
V Muraleedharan
Ajwa Travels

കോഴിക്കോട്: കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോൾ തയാറാകുന്നില്ല. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളുവെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കാലിക്കറ്റ് പ്രസ് ക്ളബ് സംഘടിപ്പിച്ച തദ്ദേശം 2020 പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

സാമ്പത്തിക ശക്‌തി കൊണ്ട് ജനങ്ങളെ എല്ലാ കാലത്തും വരുതിയിലാക്കാമെന്ന് സിപിഎം കരുതണ്ട.സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകൾ അവസാനഘട്ടത്തിൽ എത്തിയാൽ മാത്രമേ കാര്യങ്ങൾ വ്യക്‌തമാവുകയുള്ളൂ. ഇതിന്റെ പിന്നിൽ ആരാണെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അത് കണ്ടുപിടിക്കുക തന്നെ ചെയ്യും. ആദ്യം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം തന്നിലേക്കെത്തുന്നു എന്ന് വന്നപ്പോൾ എതിർക്കുന്നു. പേടിയില്ലെങ്കിൽ പിന്നെന്തിനാണ് അന്വേഷണത്തെ എതിർക്കുന്നത്- മുരളീധരൻ ചോദിക്കുന്നു.

കോൺഗ്രസിനെ വിമർശിക്കാനും മുരളീധരൻ മറന്നില്ല. കേരളാ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണെന്നും വമ്പിച്ച പിന്തുണ നൽകിയ ക്രൈസ്‌തവ മേഖലയടക്കം അവരെ കൈവിടുകയാണെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന്റെ അവസാനത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും മുരളീധരൻ വിമർശിച്ചു. തിരഞ്ഞെടുപ്പിനെ നേരിടാൻ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം സാധാരണ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം കാണിച്ച് തരുമെന്നും മുരളീധരൻ പറഞ്ഞു.

കാർഷിക നിയമത്തിനെതിരെ കേരളത്തിൽ ഉയർന്ന് വരുന്ന പ്രതിഷേധങ്ങൾക്കെതിരെയും മുരളീധരൻ പ്രതികരിച്ചു. കാർഷിക ബില്ലുകളെ എതിർക്കുന്ന കേരള സർക്കാരിന്റെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് മുരളീധരൻ ആരോപിച്ചു. പുതിയ കാർഷിക നിയമത്തിൽ കർഷകർക്ക് നേരിട്ട് വിളകൾ വിൽക്കാവുന്നതാണ്. ഇത് എങ്ങനെയാണ്‌ കർഷകർക്ക് എതിരാകുന്നതെന്നും മുരളീധരൻ ചോദിച്ചു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്‌ഥാന കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ പ്രഖ്യാപിച്ചിരുന്നു. നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Also Read: നാളെ രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE