ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രം കോടികള്‍ ചിലവഴിച്ചെന്ന് റിപ്പോര്‍ട്. 8 കോടി രൂപയോളം കാര്‍ഷിക നിയമങ്ങളുടെ പബ്ളിസിറ്റി പ്രചാരണത്തിന് വേണ്ടി കേന്ദ്ര സർക്കാർ ചിലവഴിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. എന്നാൽ നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഒത്തുതീർപ്പിൽ എത്തിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയില്ല.
കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമയ ബന്ധിതമായി ഇടപെടലിനെക്കുറിച്ച് വിശദീകരിക്കുമോ എന്ന സിപിഐഎം എംപി ഝര്‍ണാ ദാസിന്റെ ചോദ്യത്തിനാണ് മന്ത്രി മൗനം പാലിച്ചത്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരുകയാണ്. എന്നാല്‍ പ്രതിഷേധത്തോട് കേന്ദ്രമിപ്പോഴും മുഖംതിരിച്ച് നില്‍ക്കുകയാണ്.
അതേസമയം, കാർഷിക നിയമങ്ങൾക്ക് എതിരായ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷകരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 18ന് രാജ്യവ്യാപകമായി 4 മണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് ട്രെയിൻ തടയൽ സമരം നടത്തുക. .
Read also: യുപിയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 12 പേർക്ക് പരിക്ക്