കേന്ദ്ര ഇടപെടൽ; ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ

എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

By Trainee Reporter, Malabar News
Governor-Arif Mohammad Khan-mullapperiyar
Ajwa Travels

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചു. സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി ഓഫീസിൽ നിന്നും ഗവർണറെ ഫോണിൽ വിളിച്ചു കാര്യങ്ങൾ തിരക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലും കാര്യങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ ഉണ്ടാവുന്നത്. എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്‌ഭവൻ കൈമാറി.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ഗവർണറുടെ വിമർശനമുണ്ടായത്. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് തനിക്ക് നേരെ പ്രതിഷേധിക്കുന്നതെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു.

കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗവർണർ, പ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി നടന്നെത്തി. പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്‌തിരുന്നു. വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരം സമീപത്തെ ഒരു ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ഈ പ്രതിഷേധം അവസാനിപ്പിച്ചതിന് ശേഷമാണ് ഗവർണർ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

എസ്എഫ്‌ഐക്കാർ തന്റെ വാഹനത്തിൽ ഇടിച്ചത് കൊണ്ടാണ് പുറത്തിറങ്ങിയതെന്ന് ഗവർണർ പറഞ്ഞു. ദൂരത്ത് നിന്ന് കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞതാണ്. പക്ഷേ കാറിൽ ഇടിച്ചാൽ പുറത്തിറങ്ങും. പോലീസ് പറയുന്നത് പ്രകാരം 17 പേരാണ് പ്രതിഷേധിച്ചത്. എന്നാൽ, പോലീസുകാരുടെ എണ്ണം നോക്കൂ. മുഖ്യമന്ത്രി ഈ വഴിക്ക് പോവുകയായിരുന്നെങ്കിൽ പോലീസുകാർ കരിങ്കൊടി പിടിച്ചവരുടെ കൂടെനിക്കുമോയെന്നും അവരെ കാറിൽ ഇടിക്കാൻ സമ്മതിക്കുമോയെന്നും ഗവർണർ ചോദിച്ചു.

സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് ചൂട്ടുപിടിക്കുന്നത്. നിയമലംഘകർക്ക് സംരക്ഷണം നൽകാൻ മുഖ്യമന്ത്രിയാണ് പോലീസുകാർക്ക് നിർദ്ദേശം നൽകിയത്. പോലീസുകാരെ കുറ്റം പറയുന്നില്ല. അവർക്ക് ഉന്നതതലത്തിൽ നിന്ന് നിർദ്ദേശമുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് എനിക്ക് നേരെ പ്രതിഷേധിക്കുന്നത്. സംഘടനയുടെ പ്രസിഡണ്ട് ഉൾപ്പടെ ഉള്ളവർക്ക് എതിരെ കേസുണ്ട്- ഗവർണർ പറഞ്ഞു.

ഇത് ആർക്കെതിരെയുമുള്ള പോരാട്ടമല്ലെന്നും എന്നാൽ സംസ്‌ഥാനത്തിന്റെ തലവൻ എന്ന നിലയിൽ നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗവർണറുടെ പ്രതിഷേധം ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ടിരുന്നു. റോഡിന് സമീപത്തെ ഒരു ചായക്കടയുടെ മുന്നിലിരുന്നാണ് ഗവർണർ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്‌റ്റഡിയിൽ എടുത്തില്ലായെന്ന് പോലീസിനോട് ചോദിച്ചുകൊണ്ടാണ് ഗവർണറുടെ അസാധാരണ നീക്കമുണ്ടായത്.

17 പേരെ അറസ്‌റ്റ് ചെയ്‌തെന്ന് പോലീസ് പറഞ്ഞെങ്കിലും ഏകദേശം 50ഓളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം. എഫ്‌ഐആർ കാണണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഒടുവിൽ എഫ്‌ഐആർ കണ്ടതിന് ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിൽ നിശ്‌ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയത്. 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Most Read| വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? പ്രതികരിച്ചു മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE