തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബി കടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം 30ആം തീയതിവരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
നിലവിൽ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടെ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് സൂചന. (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും).
അതേസമയം കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അധികൃതർ അറിയിച്ചു.
Most Read: കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി