ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. കൂടാതെ എസ്എസ് രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു. ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തത്.
സത്യപ്രതിജ്‌ഞ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവർ പങ്കെടുത്തു. അതേസമയം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചടങ്ങിൽ നിന്നും വിട്ടു നിന്നു. പഞ്ചാബ് കോൺഗ്രസിൽ അമരീന്ദർ സിംഗും, നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വിഭാഗീയത രൂക്ഷമായതിനെ തുടർന്നാണ് അമരീന്ദർ സിംഗ് രാജി വച്ചത്.
അമരിന്ദർ സിങ്ങിന്റെ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചന്നി ദലിത് സിഖ് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ്. ഇദ്ദേഹം അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച മന്ത്രിമാരിൽ ഒരാൾ കൂടിയാണ്. മന്ത്രി സുഖ്ജിന്ദർ സിങ് രൺധാവയെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചെങ്കിലും, ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.
അടുത്ത വർഷം ആദ്യത്തോടെയാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനാൽ തന്നെ ഏതാനും മാസങ്ങൾ കൂടി മാത്രമായിരിക്കും ചന്നി നേതൃത്വം നൽകുന്ന മന്ത്രിസഭ പഞ്ചാബിൽ അധികാരത്തിൽ തുടരുന്നത്.
Read also: ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ല; സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ്