പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഗുരുതരാവസ്‌ഥയിലായ ദിവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് ദിവ്യയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ അമ്മമ്മയുടെ മാനസിക പീഡനമാണ് കുട്ടികളെ കൊലപ്പെടുത്തി ആത്‍മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് ദിവ്യ പോലീസിനോട് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്ന് വന്നതിനെക്കുറിച്ച് അധിക്ഷേപങ്ങൾ ഉണ്ടായിരുന്നതായും യുവതി മൊഴി നൽകി. അമ്മമ്മ കുട്ടികളെ ഉപദ്രവിച്ചതായും മൊഴി നൽകി.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ദിവ്യ രണ്ട് മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ച് ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ദിവ്യയെ വിനോദിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഭർത്താവിന്റെ അമ്മമ്മ അമ്മിണി അമ്മക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്