മലപ്പുറം: പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന ലെനിന്റെ വാചകം ഓർമിപ്പിച്ചുകൊണ്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നടത്തിയ പ്രസംഗത്തെ ശക്‌തമായ ഭാഷയിൽ പ്രതിരോധിച്ചു കൊണ്ട് എസ്‌വൈഎസ്‍ ഇകെ വിഭാഗം രംഗത്ത്.
‘മത നിരാസം വളർത്താനുള്ള കമ്യൂണിസ്‌റ്റ് പാർട്ടിയുടെ തന്ത്രത്തിൽ വിശ്വാസികൾ ജാഗ്രത കാണിക്കണം. മത വിശ്വാസികൾക്ക് കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗത്വമെടുക്കാമെന്ന പാർട്ടി ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവന ചതിക്കുഴിയാണ്.‘ –എസ്‌വൈഎസ്‍ പുറത്തിറക്കിയ സംയുക്‌ത പ്രസ്‌താവനയിൽ പറഞ്ഞു.
എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സംസ്‌ഥാന സെക്രട്ടറി അബ്‌ദുസമദ് പൂക്കോട്ടൂർ, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിർ ഫൈസി കുന്നുംപുറം, സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവരാണ് സംയുക്‌ത പ്രസ്‌താവന പുറത്തിറക്കിയത്. ഇടത് മുന്നണിയുമായി എല്‍ഡിഎഫ് സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ വ്യക്‌തിയാണ് അബ്‌ദുസമദ് പൂക്കോട്ടൂർ.
‘നേരത്തെ പാർട്ടി അംഗങ്ങൾക്ക് മത വിശ്വാസികളാകാൻ കഴിയില്ലെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പാർട്ടി നയം പ്രഖ്യാപിച്ചവരിൽ നിന്നും അതിനായി പ്രവർത്തിക്കുന്നവരിൽ നിന്നുമാണ് ഘടക വിരുദ്ധമായ ഇത്തരം പ്രസ്‌താവന ഉണ്ടായിരിക്കുന്നത്‘ –പ്രസ്‌താവനയിൽ പറഞ്ഞു.
‘കൃത്യമായ രാഷ്‌ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്. യഥാർഥ മത വിശ്വാസികൾക്ക് കാറൽ മാർക്‌സിന്റെ സിദ്ധാന്തം ഉൾകൊള്ളാൻ കഴിയില്ല. കമ്യൂണിസത്തിന്റെ ഉൽഭവം തന്നെ മത നിരാസമാണ്. സാധാരണക്കാരായ മുസ്‌ലിം ബഹുജനങ്ങളുടെ വിശ്വാസത്തിലും കർമത്തിലും മായം ചേർക്കുന്ന പ്രവണത സിപിഎം അവസാനിപ്പിക്കണം‘ –പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസമാകാമെന്നും വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകാമെന്നും കോഴിക്കോട് നടന്ന പാർട്ടിയുടെ ജില്ലാ സമ്മേളനത്തിലാണ് കോടിയേരി തുറന്നു സമ്മതിച്ചത്. പാർട്ടിയുടെ ആവിർഭാവകാലം മുതലുള്ള മതനിലപാടുകളിൽ നിന്ന് സമകാലിക രാഷ്‌ട്രീയ സാഹചര്യത്തിലേക്കുള്ള പരസ്യമായ ചുവടുമാറ്റം ഇന്ത്യൻ സാഹചര്യത്തിന് അനുകൂലമായ മാറ്റമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ദേശീയ തലത്തിൽ ബദൽ രാഷ്‌ട്രീയ പ്രസ്‌ഥാനമായി മാറാൻ ഈ മാറ്റം അനിവാര്യമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Most Read: ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അത് കൗതുകമായി