ഇംഫാൽ: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം നടന്നതായാണ് റിപ്പോർട്. ഇന്നലെ ചുരാചന്ദ്പുർ അതിർത്തിയിൽ വൻ സംഘർഷമുണ്ടായി. കുക്കി സായുധ ഗ്രൂപ്പും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്.
ബിഷ്‌ണുപുർ, ചുരാചന്ദ്പുർ ജില്ലകളോട് ചേർന്നുള്ള മലനിരകൾക്ക് സമീപം വിറക് ശേഖരിക്കാൻ പോയ നാലുപേരെ ഇന്നലെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഘർഷത്തിൽ ഇവർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്‌തമല്ല. ദാരാ സിങ്, ഇബോംച സിങ്, റോമൻ സിങ്, ആനന്ദ് സിങ് എന്നിവരെയാണ് കാണാതായത്.
അതിനിടെ, ബിഷ്‌ണുപുർ ജില്ലയിലെ ഹയോതക് ഗ്രാമത്തിൽ അക്രമകാരികൾ വെടിവെപ്പ് നടത്തി. സുരക്ഷാ സേന സംഭവ സ്‌ഥലത്തെത്തി വെടിയുതിർക്കുകയും അക്രമികൾ വെടിവെപ്പ് അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും ഇടയ്‌ക്കിടെയുള്ള വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്. അതേസമയം, മുഖ്യമന്ത്രി ബിരേൻ സിങ്ങിനെതിരെ കുക്കികൾ രംഗത്ത് വന്നു.
കുക്കികളുടെ പിന്നാക്ക പദവി പുനഃപരിശോധിക്കേണ്ടത് ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയാണ് കടുത്ത എതിർപ്പിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രസ്‌താവന സംസ്‌ഥാനത്ത് സംഘർഷം വർധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കൾ പറയുന്നു. കുക്കുകളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുക്കികളുടെ എസ്‌ടി പദവി പുനഃപരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി