കൊച്ചി: കോഴിക്കോട് കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി പ്രസിഡണ്ടിന് നിർദ്ദേശം നൽകിയെന്നും അപ്പോൾ തന്നെ അദ്ദേഹം സ്‌ഥലത്ത് എത്തിയെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വിഷയത്തിൽ നടപടി വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നിർദ്ദേശം നൽകിയതായി അദ്ദേഹം വ്യക്‌തമാക്കി.
‘മാദ്ധ്യമ പ്രവർത്തകർ അവരുടെ ജോലി ചെയ്യുന്നു, നമ്മൾ നമ്മുടെ ജോലി ചെയ്യുക. പകരം ഇത്തരം അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്’, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കോഴിക്കോട് കല്ലായി റോഡിലെ വുഡീസ് ഹോട്ടലിൽ വെച്ച് നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തു. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്‌ഥാപനങ്ങളിൽ ഉള്ളവരെയാണ് കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ മർദ്ദിക്കുകയും ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സിആർ രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ആയിരുന്നു. സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻ ഡിസിസി പ്രസിഡണ്ട് യു രാജീവിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം ചേർന്നത്. കെപിസിസി വർക്കിങ് പ്രസിണ്ട് ടി സിദ്ദിഖിന്റെ അനുകൂലികളാണ് രഹസ്യയോഗം ചേർന്നത്. തെറ്റിധാരണയുടെ അടിസ്‌ഥാനത്തിലാണ് പ്രശ്‌നമുണ്ടായതെന്നാണ് മുന്‍ ഡിസിസി പ്രസിഡണ്ടിന്റെ വിശദീകരണം.
Most Read: സംസ്‌ഥാനത്ത് 15 വരെ കനത്ത മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം