‘കിസാന്‍ വിജയ് ദിവസ്’; സമര വിജയം ആഘോഷിക്കാൻ കോൺഗ്രസ്

By Syndicated , Malabar News
kisan vijay divas
Ajwa Travels

ന്യൂഡെല്‍ഹി: കർഷകരുടെ പോരാട്ടത്തിനൊടുവിൽ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിൽ രാജ്യമെമ്പാടും ആഘോഷം സംഘടിപ്പിക്കാൻ കോണ്‍ഗ്രസ്. ശനിയാഴ്‌ച ‘കിസാന്‍ വിജയ് ദിവസ്’ ആഘോഷിക്കുമെന്നും, വിജയറാലികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിനിടയില്‍ മരിച്ച 800ലധികം കര്‍ഷകരുടെ കുടുംബങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുകയും ഇവര്‍ക്കായി മെഴുകുതിരി കത്തിച്ചുള്ള റാലികൾ സംഘടിപ്പിക്കുകയും ചെയ്യും.

ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും റാലികള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്‌ഥാന ഘടകങ്ങളോടും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതൊരു ചരിത്രവിജയമായി വീക്ഷിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കണമെന്നും സംസ്‌ഥാന യൂണിറ്റ് മേധാവികള്‍ക്ക് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ പറഞ്ഞു.

ഒരു വർഷത്തോളം രാജ്യതലസ്‌ഥാനത്തിന്റെ അതിർത്തികളിൽ കർഷകർ നടത്തിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യം ലോക്ക്‌ഡൗണിൽ ആയിരുന്ന കാലത്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളാണ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 5ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് അടിത്തറയായത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള (ശാക്‌തീകരണവും സംരക്ഷണവും) ഓര്‍ഡിനന്‍സ്,അവശ്യവസ്‌തു നിയമ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസാക്കിയത്.

ചെറുതും വലുതുമായ നിരവധി ക്രൂര നടപടികളിലൂടെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ സമരവീര്യത്തിന് മുന്നിൽ അതൊന്നും നടപ്പായില്ല. ഡെൽഹിയിലെ അതിശൈത്യത്തിനും പോലീസിന്റെ ലാത്തിചാർജിനും ഇരയായി 800ലധികം കർഷകർക്കാണ് ജീവൻ നഷ്‌ടമായത്. നിയമം പിൻവലിക്കാത്തതിൽ മനംനൊന്ത് സമരഭൂമിയിൽ ആത്‌മഹത്യ ചെയ്‌ത കർഷകരുടെയും എണ്ണം കുറവല്ല. നിയമം പിൻവലിക്കുന്നത് വരെ സമരം തുടരണോ പിൻവലിക്കണോ എന്ന കാര്യത്തിൽ നിർണായക തീരുമാനം കർഷക സംഘടനകളുടെ യോഗത്തിന് ശേഷമുണ്ടായേക്കും.

Read also: മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്തണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE