കോവിഡ്: വേണം അതീവ ജാഗ്രത; ഓർമപ്പെടുത്തി ആരോഗ്യമന്ത്രി

By Staff Reporter, Malabar News
veena-george
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. കൂടാതെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുന്നത് സ്‌ഥിതി ഗുരുതരമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്‌ക്ക് യുദ്ധകാലാടിസ്‌ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്‌ജമാണ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എങ്കിലും എല്ലാവരും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കണം. വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണം; മന്ത്രി വ്യക്‌തമാക്കി.

അതേസമയം ഓക്‌സിജന്‍ ലഭ്യതയും ചികിൽസാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം ചേര്‍ന്നു. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്‌ഥാനത്തിന്റെ പദ്ധതികള്‍, സിഎസ്ആര്‍ ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സംസ്‌ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്‌ജമാക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്‌റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തന സജ്‌ജമാക്കാന്‍ മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മിക്കാന്‍ സാധിക്കും.

കൂടാതെ സംസ്‌ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. മാത്രമല്ല കോവിഡ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്‌ഥാനത്തെ ശിശുരോഗ ചികിൽസാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്‌തു. കോവിഡ് കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് ചികിൽസാ കേന്ദ്രങ്ങളിലേയും കോവിഡ് ചികിൽസാ സാധന സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താന്‍ വകുപ്പ് മേധാവികളോട് മന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ കെഎംഎസ്‌സിഎല്‍ എംഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. എ റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീ. ഡയറക്‌ടര്‍ ഡോ. ബിന്ദു മോഹന്‍, കെഎംഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് എന്നിവര്‍ പങ്കെടുത്തു.

Most Read: സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ്‌ അടക്കം പതിനഞ്ചിനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE