കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യൽ സബ് ജയില്‍ മെഡിക്കല്‍ സംഘം സന്ദർശിച്ചു. ജയിലിൽ തടവുകാരെ കുത്തി നിറച്ച് പാര്‍പ്പിച്ചത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് സംഘം വിലയിരുത്തി. വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസ് സേവ്യറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ജയില്‍ സന്ദര്‍ശിച്ചത്.
ജയിലിലെ 44 തടവുകാരില്‍ 26 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. മതിയായ സൗകര്യങ്ങളില്ലാത്ത ജയിലില്‍ അനുവദിക്കാവുന്നതിലും അധികം തടവുകാരെ പാര്‍പ്പിച്ചതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും സമ്പര്‍ക്ക വിലക്ക് കൃത്യമായി ഏര്‍പ്പെടുത്തുന്നതിലും ജയില്‍ അധികൃതര്‍ക്ക് വീഴ്‌ച പറ്റി.
16 പേരെ താമസിപ്പിക്കാന്‍ അനുമതിയുള്ള ജയിലില്‍ 44 തടവുകാരുണ്ടായിരുന്നു. രണ്ടുപേര്‍ക്കുള്ള സെല്ലില്‍ എട്ടുപേര്‍ വരെ താമസിച്ചു. മൂന്നുപേര്‍ക്കാണ് ആദ്യം കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമ്പര്‍ക്ക വ്യാപനം ഉണ്ടായി. ഇനിയും തടവുകാര്‍ക്കിടയില്‍ രോഗം പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ രോഗബാധിതരുടെ അവസ്‌ഥ തൃപ്‌തികരമാണെന്ന് ഡോ. ഷെറിന്‍ ജോസ് സേവ്യര്‍ അറിയിച്ചു. രോഗികളില്‍ ഒരാള്‍ ജാമ്യം നേടി പോയതിനാല്‍ 25 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. മെഡിക്കല്‍ സംഘം ജയില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. രോഗം സ്‌ഥിരീകരിക്കാത്ത മുഴുവന്‍ തടവുകാരോടും നവംബര്‍ ഒന്നിന് സ്രവ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ രോഗബാധിതരെ അഞ്ചു സെല്ലുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മറ്റ് തടവുകാരെ മൂന്നു സെല്ലുകളിലായി താമസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. പുതിയ തടവുകാരെ മാനന്തവാടി ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
അതേസമയം കോവിഡ് വ്യാപനം സംബന്ധിച്ച് ഡിഐജി റിപ്പോര്‍ട് തേടി. സൗകര്യങ്ങള്‍ ഇല്ലാത്തിടത്ത് തടവുകാരെ കൂട്ടമായി പാര്‍പ്പിച്ചതില്‍ വീഴ്‌ച ഉണ്ടായെന്നാണ് ഉന്നതദ്യോഗസ്‌ഥരും വിലയിരുത്തിയിട്ടുള്ളത് എന്നാണ് വിവരം. വീഴ്‌ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.