തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. ഓരോ ദിവസം കഴിയുന്തോറും ആശങ്ക ഉയരും വിധത്തിലാണ് തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍. രാജ്യത്തെ സ്ഥിതി പരിശോധിക്കുമ്പോള്‍ മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കാള്‍ ഉയര്‍ന്ന കണക്കുകളാണ് തിരുവനന്തപുരത്ത് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് അടുത്ത രണ്ടാഴ്‌ചയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന കോവിഡ് രോഗികളുടെ എണ്ണം വളരെ കൂടുതല്‍ ആയിരിക്കും.
ദശലക്ഷം പേരിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുംബൈ, ചെന്നൈ എന്നീ നഗരങ്ങള്‍ക്ക് ഏറെ മുന്നിലാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരം. സെപ്റ്റംബര്‍ 12 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ തലസ്ഥാനത്ത് ഓരോ ദശലക്ഷം പേരിലും 1403 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. എന്നാല്‍ മുംബൈയില്‍ ഇത് 1212 ഉം ചെന്നൈയില്‍ 991 ഉം ആണ്. ഈ നഗരങ്ങളിലെ ജനസംഖ്യ വച്ച് താരതമ്യം ചെയ്‌താല്‍ തലസ്ഥാനത്തെ ഈ കണക്കുകള്‍ വളരെ അധികം ഉയര്‍ന്നതാണ്.
സംസ്ഥാനത്തെ രോഗവ്യാപന തോത് 9.1 ആണെന്നിരിക്കെ തലസ്ഥാന നഗരിയില്‍ ഇത് 15 ശതമാനമാണ്. സെപ്റ്റംബര്‍ 12 മുതല്‍ 19 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്‌തത് 25556 കോവിഡ് കേസുകള്‍ ആണ്. ഇവയില്‍ 5211 കേസുകളും തലസ്ഥാനത്ത് നിന്നാണ്. രണ്ടാഴ്‌ചകള്‍ക്ക് മുന്‍പ് വരെ നഗരപരിധിയില്‍ നിന്നും 100 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 450 കേസുകള്‍ വരെയാണെന്നത് ആശങ്കാജനകമാണ്. വരും ദിവസങ്ങളിലും ഈ ഉയര്‍ച്ച കോവിഡ് വ്യാപനത്തില്‍ ഉണ്ടാകുമെന്ന് തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. നിയന്ത്രണങ്ങള്‍ പല തവണ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനത്തില്‍ കുറവ് ഉണ്ടാകാഞ്ഞത് രോഗലക്ഷണമില്ലാത്തവരെ പരിശോധന നടത്തുന്നതില്‍ വന്ന അപാകതയാണെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
Read also : വികസന പാക്കേജ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 238 പദ്ധതികള്‍