ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡെൽഹിയിലേക്ക്; ജാമിയ മിലിയയിൽ അന്ത്യവിശ്രമം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡെൽഹിയിൽ എത്തിക്കും. എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ട് 5.50ഓടെയാകും മൃതദേഹം എത്തിക്കുക. സിദ്ദിഖിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും.

സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ ഖബർസ്‌ഥാനിലാണ് സംസ്‌കരിക്കുക. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്‌റ്റ്‌ ആയിരുന്ന സിദ്ദിഖി ജാമിയ മിലിയയിലെ പൂർവ വിദ്യാർഥിയാണ്. ജെഎംഐയിലെ ജീവനക്കാർ, അവരുടെ ജീവിതപങ്കാളികൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരെയാണ് സാധാരണയായി സർവകലാശാലയിൽ ഒരുക്കിയിരിക്കുന്ന ശ്‌മശാനത്തിൽ സംസ്‌കരിക്കുക. എന്നാൽ, സിദ്ദിഖിയുടെ കുടുംബത്തിന്റെ പ്രത്യേക അഭ്യർഥന പ്രകാരമാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുവാദം നൽകിയതെന്ന് സർവകലാശാല വൈസ് ചാൻസലർ വ്യക്‌തമാക്കി.

ഡാനിഷ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അക്‌തർ സിദ്ദിഖി ജാമിയ മിലിയയിലെ മുൻ അധ്യാപകനായിരുന്നു. സിദ്ദിഖിയുടെ കുടുംബം താമസിക്കുന്നതും ജാമിയ നഗറിലാണ്. സിദ്ദിഖി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ജാമിയയിൽ നിന്നാണ്. തുടർന്ന് ജാമിയ മിലിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി.

കഴിഞ്ഞ ദിവസം സർവകലാശാല വൈസ് ചാൻസലർ നജ്‌മ അക്‌തർ സിദ്ദിഖിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച സർവകലാശാലാ കാമ്പസിൽ അനുശോചന യോഗം സംഘടിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നതിനായി സിദ്ദിഖിയുടെ ക്യാമറയിൽ പതിഞ്ഞ പ്രധാന ചിത്രങ്ങളുടെ പ്രദർശനം നടത്തുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

2010ലാണ് സിദ്ദിഖി റോയിട്ടേഴ്‌സിൽ ഇന്റേൺ ആയി പ്രവേശിക്കുന്നത്. പിന്നീട് റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്‌ ടീം ഇന്ത്യയുടെ മേധാവിയായി. മൊസൂൾ യുദ്ധം (2016–17), 2015 ഏപ്രിൽ നേപ്പാൾ ഭൂകമ്പം, റോഹിംഗ്യൻ വംശഹത്യയിൽ നിന്ന് ഉണ്ടായ അഭയാർഥി പ്രതിസന്ധി, 2019–2020 ഹോങ്കോങ് പ്രതിഷേധം, 2020 ഡെൽഹി കലാപം തുടങ്ങിയവ സിദ്ദിഖി ചിത്രീകരിച്ചു. റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം ക്യാമറയിൽ പകർത്തിയതിന്, 2018ൽ സഹപ്രവർത്തകനായ അദ്‌നാൻ അബിദിയോടൊപ്പം ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും സിദ്ദിഖിയാണ്.

ജർമൻ പൗരയായ റൈക്ക് ആണ് സിദ്ദിഖിയുടെ ഭാര്യ. തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്‌തിയായിരുന്നു സിദ്ദിഖി. ഇദ്ദേഹത്തിന്റെ 47000ത്തിൽ അധികം ഫോളോവേഴ്‌സുള്ള danishpx എന്ന ഇൻസ്‌റ്റഗ്രാം പേജിലടക്കം തന്റെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ് നിറഞ്ഞുനിന്നിരുന്നത്. താൻ ചിത്രങ്ങൾ പകർത്തുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയായിരുന്നു എന്നാണ് സിദ്ദിഖി മുൻപ് പറഞ്ഞിരുന്നത്. അതിനാൽ സാധാരണക്കാരന്റെ ദുരിതങ്ങളുടെ തീവ്രതയുടെ നേർക്കാഴ്‌ചകളായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം.

ജൂലൈ 16ന് കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിൽ വച്ചാണ് അഫ്‌ഗാൻ സേനയും, താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്‌ഗാൻ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഈ പ്രദേശത്ത് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.

Also Read: പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE