കൊച്ചി: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ പുതിയ ടാറ്റ സഫാരി ഉപഭോക്‌താക്കൾക്ക് വിതരണം ചെയ്‌തു തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്‌തവർക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്.
ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ വരുന്ന സഫാരിക്കായി വാഹനപ്രേമികൾ കാത്തിരിക്കാൻ ആരംഭിച്ചിട്ട് ഒരുവർഷത്തോളമായി. എക്‌സ് ഷോറൂം വില 16.29 ലക്ഷം രൂപ മുതൽ ആരംഭിച്ച് 27.34 ലക്ഷം വരെയാണ്. വാഹനത്തിന്റെ ബുക്കിങ് ഇപ്പോഴും തുടരുന്നുണ്ട്.
പുതിയ ടാറ്റ സഫാരിക്ക് ഒരു ‘പാരാമെട്രിക്’ ഗ്രിൽ ആണ് കമ്പനി നൽകിയിട്ടുള്ളത്. എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളും ബ്ളാക് കെയ്‌സിംഗിൽ സ്‌ഥാപിച്ചിരിക്കുന്ന എൽഇഡി പ്രൊജക്‌ടർ ഫോഗ് ലാമ്പുകളുമുള്ള സ്‌പ്പ്ളിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പാണ് വാഹനത്തിലുള്ളത്. പിൻഭാഗത്ത് എസ്‌യുവി പഴയ പതിപ്പിനോട് വളരെയധികം സാമ്യത പുലർത്തുന്നുണ്ട്.
കണക്റ്റഡ് ഡിആർഎല്ലുകളും റീഡിസൈൻ ചെയ്‌ത ടെയിൽലാമ്പുകളുമാണ് വാഹനത്തിലുള്ളത്. ഹാരിയറിനു സമാനമായ, റിവേഴ്‌സ്, റിയർ ഫോഗ് ലാമ്പുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. പുതിയ ടാറ്റ സഫാരിയുടെ നീളം 4,668 എംഎം ആണ്. 1,922 എംഎം വീതിയും 1,795 എംഎം ഉയരവും 2,741 എംഎം വീൽബേസും ഈ വാഹനത്തിലുണ്ട്. ടെയിൽഗേറ്റിൽ കമ്പനി സഫാരി എന്ന് എഴുതിയിട്ടുണ്ട്.
മുന്നിലും പിന്നിലും കണക്റ്റഡ് ഡിആർഎല്ലുകളുമായിട്ടാണ് ഈ വാഹനം വരുന്നത്. ഈ ഡിആർഎല്ലുകൾ വാഹനം ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും ചെയ്യുമ്പോൾ തെളിയുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്. ഫ്യൂച്ചറിസ്‌റ്റിക് ആയ ഡിസൈൻ രീതിയാണ് ഈ വാഹനത്തിന് നൽകിയിട്ടുള്ളത്.
പുതിയ യുഐ ഉള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്‌റ്ററും നൽകിയിട്ടുണ്ട്. മൊത്തത്തിൽ നിലവിൽ ഈ റേഞ്ചിലുള്ള വാഹനങ്ങൾക്ക് ഒരുപടി മുന്നിലായാണ് സഫാരിയെ ടാറ്റ വിപണിയിൽ എത്തിക്കുന്നത്. മൽസരങ്ങളെ ശക്‌തമായി നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും വാഹനത്തിൽ കാണാം.
INFORMATIVE | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം