കൊച്ചി: ദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറെ പ്രതി ചേർത്തു. ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ പ്രതി ചേർത്തത്.
വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഇത് സംബന്ധിച്ച റിപ്പോർട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയിൽ സമർപ്പിച്ചു.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിജീഷ് ഹരജിയിൽ പറഞ്ഞു. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.
നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നത്.
Most Read: കെ-റെയിൽ; അതിരടയാള കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി