കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും മറ്റുള്ളവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച. ഹരജിയിൽ വാദം പൂർത്തിയായി. ദിലീപിനെതിരെ ശക്‌തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയർത്തിയത്. സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
സ്വന്തം സഹപ്രവര്‍ത്തകയെ ബലാൽസംഗം ചെയ്യാന്‍ ക്വട്ടേഷൻ നൽകിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്‌തി കൂടിയാണ് ഇയാൾ. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ മുന്‍കാല പശ്‌ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്‌തുതാ വിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവ് ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. ‘നല്ല പണി കൊടുക്കും’ എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ദൃക്‌സാക്ഷിയാണെന്നും മൊഴിയിലുള്ള ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി. കേസ് പ്രാഥമിക അന്വേഷണ ഘട്ടത്തിലാണെന്നും വ്യക്‌തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ ഫോണുകളെല്ലാം മാറിയത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഫലപ്രദമായ അന്വേഷണത്തിന് ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം. കസ്‌റ്റഡിയിലെടുത്തുള്ള അന്വേഷണത്തിൽ മാത്രമേ വസ്‌തുതകൾ ശേഖരിക്കാനാകൂ. സംരക്ഷണ ഉത്തരവ് നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
നടിയെ ആക്രമിച്ച കേസിൽ ആരും ഉപദ്രവിച്ചിട്ടില്ലെന്നു പ്രതികൾ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇവർ പേടിക്കുന്നത്. സെലിബ്രിറ്റികളാണെന്നത് കേസിൽ ബാധകമല്ല. നിലവിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും. പ്രതികൾ ഒരേസമയം ഫോണുകൾ മാറി ഉപയോഗിച്ചത് തെളിവുകൾ ഇല്ലാതാക്കാനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പോലീസിന്റെ നാവാണ് പ്രോസിക്യൂഷനെന്ന് ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആക്ഷേപം. പ്രോസിക്യൂഷൻ പോലീസിനെ പോലെ സംസാരിക്കരുത്. കോടതി ചോദ്യം ചെയ്യലിന് അനുവദിച്ച ഒരു ദിവസവും നിസഹകരണമുണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയെന്നത് അടിസ്‌ഥാനരഹിതമാണ്. ബാലചന്ദ്രകുമാറിനെതിരെയും ദിലീപിന്റെ അഭിഭാഷകൻ കടന്നാക്രമിച്ചു.
ബാലചന്ദ്രകുമാറിന് എന്തും മാനിപ്പുലേറ്റ് ചെയ്യാം. അയാൾ സിനിമാ സംവിധായകനാണ്, മാനിപ്പുലേറ്ററാണ്. ബാലചന്ദ്രകുമാർ ദിലീപ് പറയുന്നത് കേട്ടു തലയാട്ടി എന്നു പോലും പറയുന്നില്ല. എല്ലാവരും ഇതു കേട്ടു മിണ്ടാതിരുന്നു എന്നാണോ എന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദങ്ങള്‍ നാളെയും തുടരും. നാളെ രാവിലെ 9.30നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദപ്രതിവാദങ്ങള്‍ നാളെ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗങ്ങളോടും കോടതി കര്‍ശനമായി നിര്‍ദേശിച്ചു. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്‌ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മറ്റ് പ്രതികൾ.
Also Read: ഇ-ബുൾ ജെറ്റ് കേസ്; വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ അഴിച്ചുമാറ്റാൻ ഉത്തരവ്