ഒരിടവേളക്ക് ശേഷം വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍. തന്റെ പുതിയ ചിത്രമായ ‘ജോജി’യുടെ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത വര്‍ഷം ‘ജോജി’യുമായി എത്താമെന്നാണ് ദിലീഷ് പോത്തന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
വില്യം ഷേക്‌സ്‌പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ ‘മാക്‌ബെത്തി’ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം പുഷ്‌കരന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് ദിലീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷൈജു ഖാലിദ് ആണ്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Read Also: ‘കയറ്റം’ ട്രെയിലർ എ. ആർ റഹ്‌മാൻ പുറത്തുവിട്ടു
സംവിധായകന് പുറമെ തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ നിലയിലും ശ്രദ്ധേയനാണ് ദിലീഷ്. നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായി ആയി തുടക്കം കുറിച്ച ദിലീഷ് പോത്തന്‍ ‘മഹേഷിന്റെ പ്രതികാരം’എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. വളരെയധികം പ്രശംസ പിടിച്ചു പറ്റിയ ചിത്രം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടി. തുടര്‍ന്ന് സംവിധാനം ചെയ്‌ത ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഈ ചിത്രവും സംസ്ഥാന-ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി.
മുന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അടുത്ത വര്‍ഷം ജോജിയുമായി വരാം എന്നും അറിയിച്ചാണ് ദിലീഷ് പോത്തന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഏതായലും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്റെ മറ്റൊരു ‘പോത്തേട്ടന്‍ ബ്രില്ല്യന്‍സി’നായി കാത്തിരിക്കുകയാണ് ആരാധകര്‍.
National News: ഹത്രസ്; പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്‌രിവാള്‍