ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇഡിയുടെ നടപടി രാഷ്‌ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി കെജ്‍രിവാൾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മറുപടി നൽകി. അറസ്‌റ്റ് ചെയ്യാൻ ഇഡി ഒരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഹാജരാകാനില്ലെന്ന് കാട്ടി കെജ്‌രിവാൾ കത്തയച്ചത്.
അതേസമയം, കെജ്‌രിവാളിന് പുതിയ നോട്ടീസ് ഇഡി ഉടൻ നൽകുമെന്നാണ് സൂചന. അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്തും ഡെൽഹിയിലെ വിവിധയിടങ്ങളിലും പ്രതിഷേധത്തിന് നേതാക്കൾ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ഡെൽഹിയിൽ സുരക്ഷ കൂട്ടിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ഇഡി നിർദ്ദേശം നൽകിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മൗനം പാലിച്ച കെജ്‌രിവാൾ ഇന്ന് രാവിലെയാണ് ഇഡി നോട്ടീസിന് മറുപടി നൽകിയത്. ബിജെപി നിർദ്ദേശ പ്രകാരമാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ വിലക്കാനാണ് നോട്ടീസെന്നും കെജ്‌രിവാൾ മറുപടി കത്തിൽ ആരോപിക്കുന്നു. അതിനിടെ, ഇന്ന് 11 മണിയോടെ യുപിയിലും മധ്യപ്രദേശിലും മുൻ നിശ്‌ചയിച്ച പരിപാടികളിൽ പങ്കെടുക്കാനായി കെജ്‌രിവാൾ ഡെൽഹിയിൽ നിന്നും യാത്ര തിരിച്ചതായാണ് വിവരം.
Most Read| അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്