വയനാട്: എടയ്‌ക്കൽ ഗുഹയെക്കുറിച്ച് പഠനം നടത്താൻ വിദഗ്‌ധ സംഘം ഇന്നെത്തും. നിലവിലെ ഗുഹയുടെ സ്‌ഥിതി വിലയിരുത്താനും പഠനം നടത്തി തുടർ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനുമാണ് ഒരു വർഷം മുൻപ് വിദഗ്‌ധ സമിതി രൂപീകരിച്ചത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടുന്നതിന് വർഷങ്ങൾക്ക് മുൻപ് ഇവിടെ ചില ശ്രമങ്ങൾ നടന്നതൊഴിച്ചാൽ പിന്നീട് കാര്യമായി ഒന്നും നടന്നിട്ടില്ല. വിദഗ്‌ധ സംഘം സന്ദർശനം നടത്തുന്നത് പൈതൃക പട്ടികയിലേക്കുള്ള വഴി തുറക്കുമെന്നാണ് വിലയിരുത്തുന്നത്.
സെന്റർ ഫോർ ഹെറിറ്റേജ് സ്‌റ്റഡീസ് ഡയറക്‌ടർ ജനറൽ ഡോ. എംആർ രാഘവ വാരിയരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്‌ധ സമിതിയിലെ ഏഴ് പേരാണ് ഇന്ന് ഗുഹ സന്ദർശനത്തിന് എത്തുക. പുരാവസ്‌തു വകുപ്പ് അധികൃതരും സംഘത്തിലുണ്ടാകും. മുൻ വർഷങ്ങളിലെ പ്രളയ സമയത്ത് ഗുഹയ്‌ക്ക് സമീപത്തെ കല്ലുകൾ ഇളകുന്നടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വിദഗ്‌ധ പഠനവും സംരക്ഷണവും വേണമെന്ന ആവശ്യം ഉയർന്നത്.
മഴക്കാലത്ത് ഗുഹയിൽ ഉണ്ടാക്കിയ ആഘാതങ്ങളെ കുറിച്ച് മനസിലാക്കി എടയ്‌ക്കലിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ട എന്തെല്ലാം തുടർ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശങ്ങൾ ആയിരിക്കും പരിശോധനക്ക് ശേഷം സമിതി അറിയിക്കുക. ഗുഹ നിൽക്കുന്ന അമ്പുകുത്തി മലയുടെ പാരിസ്‌ഥിതിക പശ്‌ചാത്തലവും അതിനോട് ചേർന്നുള്ള നിർമാണ പ്രവൃത്തികളുടെ ആഘാതങ്ങളുമടക്കം പഠനത്തിന് വിധേയമാക്കും.
Most Read: വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041