ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,68,833 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 402 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 4,85,752 ആയി ഉയർന്നു.
രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,22,684 പേരാണ് കോവിഡ് മുക്‌തരായത്. കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്നുണ്ടെങ്കിലും രാജ്യത്ത് രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണവും വർധിക്കുകയാണ്. നിലവിൽ 14,17,820 ആളുകൾ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നുണ്ട്.
അതേസമയം തന്നെ രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. 6,041 ആളുകൾക്കാണ് രാജ്യത്ത് നിലവിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ ഏറ്റവും കൂടുതൽ പേർ മഹാരാഷ്‌ട്രയിൽ നിന്നാണ്. 44,211 കോവിഡ് കേസുകളാണ് മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്.