വാഷിംഗ്‌ടൺ: കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്‌തുക്കൾ ഉടൻ ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു.
അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്‌താവ് എമിലി ഹോൺ പ്രസ്‌താവനയിലൂടെ ഇക്കാര്യം സ്‌ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. കൊറോണക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യക്ക് ആവശ്യമുള്ള മറ്റ് ഉപകരണങ്ങളും ഉടൻ നൽകുമെന്നും എമിലി അറിയിച്ചു.
കോവിഷീൽഡ് വാക്‌സിൻ ഉൽപാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ കയറ്റി അയക്കുന്നതിന് നേരത്തെ അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് അന്നത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതനുസരിച്ച് ഇന്ത്യ ഹൈഡ്രോക്‌സി ക്ളോറോക്വിൻ കയറ്റി അയച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് അത്യാവശ്യം വന്നപ്പോൾ ജോ ബൈഡൻ നേതൃത്വം നൽകുന്ന അമേരിക്കൻ സർക്കാർ നിഷേധാത്‌മക സമീപനമാണ് സ്വീകരിക്കുന്നത് എന്നായിരുന്നു വിമർശനം.
Read Also: ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു