‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി

By Desk Reporter, Malabar News
Anil Panachooran_Malabar News
Ajwa Travels

കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്‌തരുടെ കൂട്ടത്തിലേക്ക് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും. വെറും 13 വർഷങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ ‘തന്നെ’ കൃത്യമായി അടയാളപ്പെടുത്തിയാണ് അനില്‍ (55) അപ്രതീക്ഷിതമായി യാത്രയായത്.

2007ൽ മലയാളചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്നു’ എന്ന് തുടങ്ങുന്ന വരികളെഴുതി രാജകീയ വരവറിയിച്ച അനിൽ പനച്ചൂരാൻ പിന്നീടങ്ങോട്ട് ഗാനരചനാ രംഗത്തെ പല അതിരുകളേയും ലംഘിച്ചായിരുന്നു വളർന്നത്.

2007ൽ തന്നെ തന്നെ പുറത്തിറങ്ങിയ എം മോഹനൻ സം‌വിധാനം ചെയ്‌ത, വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ വ്യത്യസ്‌തനാമൊരു ബാർബറാം ബാലനെ എന്ന് തുടങ്ങുന്ന ഗാനത്തോടെ ഇദ്ദേഹം പ്രശസ്‌തിയുടെ പടവുകൾ കയറാൻ ആരംഭിച്ചു.
Anil Panachooran

അറബിക്കഥയിലെ ‘ചോര വീണ മണ്ണിൽ നിന്ന്’ എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനിൽ തന്നെയായിരുന്നു. മാണിക്യക്കല്ല്, ചില നേരം ചില മനുഷ്യർ, യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

പിന്നീട്, 2020 വരെയുള്ള ചെറിയ കാലയളവ് കൊണ്ട് മാടമ്പി, ക്രേസി ഗോപാലൻ, ഭ്രമരം, ഡാഡികൂൾ, പാസഞ്ചർ, സ്വന്തം ലേഖകൻ, ബോഡിഗാർഡ്, ചൈനാ ടൗൺ, സീനിയേഴ്‌സ് തുടങ്ങി 40ഓളം ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു. 2017ൽ ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ പുറത്തിറക്കിയ മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്‌തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മലിലൂടെ പ്രശസ്‌തിയുടെ കൊടുമുടി അനിൽ പനച്ചൂരാൻ കീഴടക്കി.

ദേശ ഭാഷാതിർത്തികൾ ലംഘിച്ച, ഇന്‍റര്‍നെറ്റിനെയും സാമൂഹിക മാദ്ധ്യമങ്ങളെയും യുവസമൂഹത്തെയും ആകമാനം വിഴുങ്ങിയ വെളിപാടിന്റെ പുസ്‌തകം എന്ന ചിത്രത്തലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന് തുടങ്ങുന്ന ഗാനത്തോടെ, ഗാനരചയിതാവ് എന്ന നിലയിൽ ‘വേറിട്ട’ മേൽവിലാസം ചരിത്രത്തിൽ രേഖപ്പെടുത്തിയാണ് അനിൽ യാത്രയായത്.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്‌ച രാത്രി ഒന്‍പതരക്കായിരുന്നു അന്ത്യം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

Anil Panachooran and M Jayachandran
എം ജയചന്ദ്രന് ഒപ്പം

അവശത കൂടിയപ്പോൾ അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് കാലത്തിന് ശേഷം ‘കാട്’ എന്ന പേരിൽ സിനിമ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു ഇദ്ദേഹം. സിനിമയുടെ തിരക്കഥ പൂർണമായും പൂർത്തിയായതായും സുഹൃത്തുക്കളോട് അനിൽ പറഞ്ഞിരുന്നു. സ്വന്തമായൊരു സിനിമ എന്ന സ്വപ്‌നം ബാക്കിയാക്കി, വിശ്വസിക്കാനാവാത്ത. അപ്രതീക്ഷിതമായ വിയോഗം കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞ അനില്‍ പനച്ചൂരാന് യാത്രാമൊഴി.

Anil Panachooran, C Radhakrishnan, Alankode Leelakrishnan
ആലങ്കോട് ലീലാകൃഷ്‌ണനും സി രാധാകൃഷ്‌ണനുമൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE